KSDLIVENEWS

Real news for everyone

വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണം ; ജില്ലാ കളക്ടർ

SHARE THIS ON

കാസർഗോഡ് : സൗജന്യ ആന്റിജൻ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട്ട് ഒരുക്കിയ കിയോസ്‌ക് വഴി ഈ പ്രദേശത്തെ തദ്ദേശസ്ഥാപനം ലൈസൻസ് നൽകിയിട്ടുള്ള എല്ലാ വ്യാപാരസ്ഥാപന ഉടമകളും തൊഴിലാളികളും പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും 14 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. സജിത്ബാബു പറഞ്ഞു. വ്യാപാരികൾ നെഗറ്റീവ് റിപ്പോർട്ട് കടയിൽ പ്രദർശിപ്പിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ മാത്രമേ ഇടപാട് നടത്തുകയുള്ളൂ എന്ന് പൊതുജനങ്ങൾ തീരുമാനമെടുക്കണമെന്നും കളക്ടർ കൊറോണ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

ഗുരുവനം കേന്ദ്രീയ വിദ്യാലയം, പടന്നക്കാട് കേന്ദ്ര സർവകലാശാല പഴയ കെട്ടിടം, പെരിയ കേന്ദ്ര സർവകലാശാല ഹോസ്റ്റൽ എന്നീ സി.എഫ്‌.എൽ.ടി.സി.കൾ നിലനിർത്തി ബാക്കിയുള്ളവ വിട്ടുനൽകും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, കോവിഡ് ആസ്പത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ അടിയന്തരമായി ആവശ്യമുളള സ്റ്റാഫ് നഴ്‌സ്, ക്ലീനിങ്‌ സ്റ്റാഫ് എന്നിവരെ താത്‌കാലികമായി നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ അനുമതി നൽകി.
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടുള്ളൂവെന്ന് യോഗം നിർദേശിച്ചു. ടർഫ് ഗ്രൗണ്ടുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്, കാണികൾ ഇല്ലാതെ പരമാവധി 20 പേർ മാത്രം പങ്കെടുത്തുകൊണ്ട് കളികൾ അനുവദിച്ചിട്ടുണ്ടെങ്കിലും തുറന്ന മൈതാനങ്ങളിൽ കളിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചു. ഇപ്രകാരം അനധികൃതമായി കൂട്ടംചേരുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കളക്ടർ നിർദേശം നൽകി. കോവിഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തട്ടുകടകൾ ലംഘിച്ചാൽ അറിയിപ്പ് കൂടാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തട്ടുകട നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, സബ്കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം. എൻ. ദേവീദാസ്, ഡി.എം.ഒ. ഡോ. എ.വി. രാംദാസ്, ജില്ലാ ഇൻഫർമേഷൻ എം. മധുസൂദനൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!