സോണിയുടെ സ്മാർട്ട് ടിവി വെറും 9000 രൂപക്ക് ; ജിഎസ്ടി ബില്ല് ചോദിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞൊഴിഞ്ഞു ; പോലീസ് റെയ്ഡിൽ കണ്ടെത്തിയത് 153 വ്യാജ ടിവികൾ ; ഒടുവിൽ അറസ്റ്റ്

തിരുച്ചിറപ്പള്ളി: പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡുകളുടെ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാജന്‍മാര്‍ വിപണയില്‍. ഇക്കാര്യം ഉറപ്പാക്കുന്ന സംഭവമാണ് തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്നത്. ഇവിടുത്തെ ഒരു ഗൃഹോപകരണ കടയില്‍ നടത്തിയ റെയ്ഡില്‍ സോണിയുടെ 153 വ്യാജ ടിവികള്‍ പിടികൂടി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.ദീപാവലി ഓഫറെന്ന പേരില്‍ വ്യാജ ടിവികള്‍ വിറ്റൊഴിച്ച കടക്കാരനും ജീവനക്കാരുമാണു പിടിയിലായത്.
വെറും ഒമ്ബതിനായിരം രൂപയ്ക്കു സോണിയുടെ സ്മാര്‍ട്ട് ടിവി വില്‍ക്കുന്നുവെന്നായിരുന്നു പരസ്യം
ഇതറിഞ്ഞു ടി.വി വാങ്ങിയ ആള്‍ക്കു കയ്യെഴുത്തു ബില്ലാണു നല്‍കിയത്. ജി.എസ്.ടി ബില്ല് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. സംശയം തോന്നിയ ഉപഭോക്താവ് ടിവിയുമായി നേരെ തിരുച്ചിറപ്പള്ളിയിലെ സോണി ഷോറൂമിലെത്തി പരിശോധിച്ചു.
വ്യാജനാണെന്നു ഷോറൂം ജീവനക്കാര്‍ ഉറപ്പുപറഞ്ഞതോടെ സംഭവത്തില്‍ പാലക്കറൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.സി.പി. പവന്‍ കുമാറിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 153 ടിവികള്‍ പിടിച്ചെടുത്തു. സോണി ജീവനക്കാരെത്തി ഇവയെല്ലാം വ്യാജമാണെന്ന് ഉറപ്പിച്ചു.

