പുഴ കടന്നെത്തി ആനക്കൂട്ടം: വ്യാപകമായി കൃഷി നശിപ്പിച്ചു

കുണ്ടംകുഴി: പുതിയ മേച്ചിൽപ്പുറങ്ങളിലെത്തി ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് തുടരുന്നു. പയസ്വിനിപ്പുഴ കടന്ന് ഞായറാഴ്ച പുലർച്ചെ ആനക്കൂട്ടം ബേഡഡുക്ക പഞ്ചായത്തുപരിധിയിലെത്തി.
കുണ്ടംകുഴിയിലെ ചൊട്ട, ഗുണ്ടുകുമിരി എന്നിവിടങ്ങളിലാണ് ആന നാശം വരുത്തിയത്. ചൊട്ടയിലെ പുരുഷോത്തമ റാവു, ഗുണ്ടുകുമിരിയിലെ ചന്ദ്രകാന്ത് എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്.
ഒട്ടേറെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു. തോട്ടത്തിൽ ജലസേചനത്തിനായി സ്ഥപിച്ച പൈപ്പുകൾ നശിപ്പിച്ചു. ആന നിരങ്ങിയിറങ്ങിയതിനാൽ മൺത്തിട്ടകൾ ഇടിഞ്ഞുനിരങ്ങി. മുൻപൊരിക്കൽ ഒരു ആന ഇവിടെ എത്തിയിരുന്നെങ്കിലും കൂട്ടത്തോടെയെത്തുന്നതും വിള നശിപ്പിക്കുന്നതും ആദ്യമായാണെന്ന് തോണിക്കടവിലെ രാധാകൃഷ്ണൻ നായർ പറഞ്ഞു.
വനം വകുപ്പ് കാറഡുക്ക സെക്ഷനിലെ മുളിയാർ ബീറ്റ് പരിധിയിലെ അരിയിൽ പ്രദേശത്തെ കാട്ടിൽനിന്നാണ് ബന്തടുക്ക സെക്ഷൻ പരിധിയിലേക്ക് ആനയെത്തിയത്. നേരം വെളുത്തതോടെ ആനക്കൂട്ടം പുഴ കടന്ന് മുളിയാർ വനത്തിലേക്ക് തിരിച്ചുപോയി.
ഏഴ് ആനകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീണ്ടും ആനയിറങ്ങുന്നത് തടയാൻ ഞായറാഴ്ച രാത്രി വൈകുംവരെ നാട്ടുകാർ പുഴക്കരയിൽ സജ്ജരായിനിന്നു.

