KSDLIVENEWS

Real news for everyone

ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഉത്പാദനം നടത്തും

SHARE THIS ON

ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്സിൻ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിർമാണ കമ്പനി ആസ്ട്രസെനേക. വാക്സിന് ഗുരുതര പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തിൽ വ്യക്തമായതായി കമ്പനി പറഞ്ഞു.

ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂർണ്ണ ഡോസുകൾ നൽകിയപ്പോൾ 62% ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

കോവിഡ് 19-നെ പ്രതിരോധിക്കാൻ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനൽകുന്നതായി ആസ്ട്രസെനേക മേധാവി പാസ്കൽ സോറിയോട്ട് പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉൽപാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേർണ വികസിപ്പിക്കുന്ന വാക്സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!