കോവിഡ് സര്‍ട്ടിഫിക്കറ്റിന് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന കേസ്; ഉഭയസമ്മതത്തോടെയെന്ന് യുവതി ;
കേസിൽ വഴിത്തിരിവ്

കൊച്ചി: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും കാണിച്ച് പരാതിക്കാരിയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഹെൽത്ത് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് യുവതി പീഡനമല്ല നടന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർക്ക് കോടതി ജാമ്യം അനുവദിച്ചു.
സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്ന് മുമ്പ് ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നൽകിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംമ്പർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി പാങ്ങോട്ടെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകനെ സമീപിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. പിന്നാലെ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.

