വിദഗ്ദ മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ആൻജിയോപ്ലാസ്റ്റി വേണ്ട ; എം.സി ഖമറുദ്ദീനെ ജയിലിലേക്കയച്ചു

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ.ക്ക് തത്കാലം ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ടെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് നിർദേശിച്ചു.
ഇതേത്തുടർന്ന് അഞ്ചുദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് തിരിച്ചെത്തിച്ചു.
കഴിഞ്ഞദിവസം ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയധമനിയിൽ തടസ്സം കണ്ടെത്തിയിരുന്നു. അതിനാൽ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവരുമെന്ന നിഗമനത്തിലായിരുന്നു മെഡിക്കൽ ബോർഡ്.
എന്നാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഡി.കെ.മനോജ്, ഹൃദ്രോഗവിദഗ്ധൻ ഡോ. എസ്.എം.അഷറഫ്, മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജിത്ത്കുമാർ എന്നിവരുൾപ്പെടുന്ന മെഡിക്കൽ ബോർഡ് രണ്ടു ദിവസത്തെ നിരീക്ഷണത്തിനും തുടർപരിശോധനയ്ക്കുംശേഷം തത്കാലം മരുന്ന് മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രമേഹത്തിനുള്ള മരുന്നും കഴിക്കണം.
നേരത്തേ കാസർകോട് ജനറൽ ആസ്പത്രിയിലെ ഡോക്ടർമാർ ഖമറുദ്ദീന് നടുവേദനയുണ്ടെന്നും ജയിലിൽ തറയിൽ കിടത്തരുതെന്നും നിർദേശിച്ചിരുന്നു.
കാസർകോട്ടെ പരിശോധനയിൽ ഇ.സി.ജി.യിൽ വ്യതിയാനമുണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തെ പരിയാരത്തേക്ക് മാറ്റിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി. എം.വി.പ്രദീപ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും ഖമറുദ്ദീന്റെ അഭിഭാഷകൻ 25 കേസുകളിൽ നൽകിയ ജാമ്യാപേക്ഷയും ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അതിനിടെ ആറു കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്താനുള്ള മറ്റൊരു അപേക്ഷയും പ്രത്യേക അന്വേഷണസംഘം ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഖമറുദ്ദീൻ 56 കേസുകളിൽ റിമാൻഡിലാണിപ്പോൾ.

