KSDLIVENEWS

Real news for everyone

ഡി.എം.കെ. സഖ്യത്തില്‍ ചേര്‍ത്തില്ലെങ്കില്‍ തമിഴ്നാട്ടില്‍ 30 സീറ്റില്‍ മത്സരിക്കുമെന്ന് എം.ഐ.എം.

SHARE THIS ON

ചെന്നൈ ഡി.എം.കെ. സഖ്യത്തിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ തമിഴ്നാട്ടിൽ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ(എ.ഐ.എം.ഐ.എം. ) തമിഴ്നാട് ഘടകം പ്രസിഡന്റ് വക്കീൽ അഹമ്മദ് പറഞ്ഞു. ”സഖ്യത്തിൽ ചേർക്കണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ചർച്ച നടത്തുകയും ചെയ്തു. പക്ഷേ, ഇതുവരെ ഇക്കാര്യത്തിൽ ഡി.എം.കെ. നിലപാട് വ്യക്തമാക്കിയിട്ടില്ല.” മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണിൽ സംസാരിക്കുകയായിരുന്നു അഹമ്മദ്.

ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനിപ്പോൾ ഹൈദരാബാദിലാണെന്നും പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയുമായി തമിഴനാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് വിഷയം സംസാരിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ഒവൈസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഡി.എം.കെ. സഖ്യത്തിൽ മത്സരിക്കണമെന്നാണ് തങ്ങളുടെ താൽപര്യമെന്നും എന്നാൽ, ഡി.എം.കെ. അനുകൂല നിലപാട് എടുക്കുന്നില്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് മത്സരിക്കാൻ എം.ഐ.എം. നിർബ്ബന്ധിതമാവുമെന്നും അഹമ്മദ് പറഞ്ഞു. 2015-ലെ തിരഞ്ഞെടുപ്പിൽ വെല്ലൂരിനടുത്തുള്ള വാണിയമ്പാടി നിയമസഭ മണ്ഡലത്തിൽനിന്ന് എം.ഐ.എം. സ്ഥാനാർത്ഥിയായി താൻ മത്സരിച്ചിരുന്നെന്നും പതിനായിരത്തോളം വോട്ടുകൾ തനിക്ക് നേടാനായെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.

”തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഞങ്ങൾക്ക് സാന്നിദ്ധ്യമുണ്ട്. മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് ചെറുപ്പക്കാർ ഞങ്ങൾക്കൊപ്പമാണ്.” ഡി.എം.കെ. സഖ്യത്തിൽ അഞ്ച് സീറ്റാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അഹമ്മദ് വെളിപ്പെടുത്തി.

ബി.ജെ.പിയുടെ അജണ്ടയാണ് എം.ഐ.എം. നടപ്പാക്കുന്നതെന്ന് ആരോപണം അഹമ്മദ് തള്ളിക്കളഞ്ഞു. ”കോൺഗ്രസ് നടത്തുന്ന ദുഷ്പ്രചരണമാണിത്. ബി.ജെ.പിയാണ് ഞങ്ങളുടെ മുഖ്യശത്രു. എന്നാൽ പിന്നിൽനിന്ന് കുത്തുന്ന പാർട്ടിയാണ് കോൺഗ്രസ്.” ഡി.എം.കെയുമായുള്ള സഖ്യം യാഥാർത്ഥ്യമായില്ലെങ്കിൽ സമാന രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളുമായി ചേർന്ന് ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നതിനുള്ള ആലോചനയുണ്ടെന്നും അഹമ്മദ് പറഞ്ഞു.

എന്നാൽ, എം.ഐ.എമ്മിന് തമിഴ്നാട്ടിൽ സ്വാധീനമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടി സീറ്റിനായി വിലപേശുകയാണ് എം.ഐ.എം. ചെയ്യുന്നതെന്നും മുസ്ലിംലീഗും മനിതനേയ മക്കൾ കച്ചിയും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!