KSDLIVENEWS

Real news for everyone

ഭേദഗതി കൊണ്ടുവന്ന സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി; ഓര്‍ഡിനന്‍സിലൂടെ നിയമം നടപ്പാക്കില്ല

SHARE THIS ON

തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ദുരുപയോഗവും ആളുകൾ നിയമം കയ്യിലെടുക്കുന്നതും ഒഴിവാക്കണമെന്ന് മാധ്യമങ്ങൾ അഭിപ്രായം പ്രകടിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ നിയമത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഓർഡിനൻസിലൂടെ ഇനി ഇത്തരം നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിലൂടെ മാത്രമായിരിക്കും ഇനി നിയമം നടപ്പിലാക്കുയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു

സ്ത്രീകളെ മോശമായി അധിക്ഷേപിക്കുക, മോശമായ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുക, ട്രാൻസ്ജെൻഡറുകളെ അപമാനിക്കുക എന്നിങ്ങനെയുള്ള അനേക സംഭവങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇത് തടയണം എന്ന ആവശ്യം പ്രതിപക്ഷത്തു നിന്നടക്കം ഉയർന്നിരുന്നു. ഇത്തരം ചില സംഭവങ്ങളുടെ ഭാഗമായി ആത്മഹത്യ പോലും ഉണ്ടായി. ജീവിതം താറുമാറായ സംഭവമുണ്ടായി. ഫോട്ടോ വീഡിയോ എന്നിവ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട സംഭവങ്ങളും അതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവരും ചുറ്റിലുമുണ്ട്. ഇതിൽ പരിഹാരമുണ്ടാക്കാനായി സദുദ്ദേശത്തോടെയാണ് സർക്കാർ പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളടക്കമുള്ളവർ ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു യോഗത്തിൽ മാധ്യമ മേധാവികളുടെ പ്രധാന നിർദേശമായി വന്നത് ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ലെന്നും കർശനമായി നേരിടുന്ന നിയമം വേണമെന്നുമായിരുന്നു. ഇങ്ങനെ വിവിധ മേഖലകളിൽ നിന്ന് വന്ന അഭിപ്രായം ചൂണ്ടിക്കാട്ടിയതിനാലാണ് നിയമഭേദഗതിക്കൊരുങ്ങിയത്. എന്നാൽ നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചു. എൽഡിഎഫിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യം സംരക്ഷിക്കുന്നവരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. യോഗത്തിൽ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടവർ വരെ മുഖപ്രസംഗത്തിൽ നിയമത്തിന്റെ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി. ഒരു വലിയ ആശങ്ക പൊതു സമൂഹത്തിൽ ഉയരുമ്പോൾ ആശങ്ക പരിഗണിക്കാതിരിക്കാൻ പറ്റില്ല.

ഏതെങ്കിലും മാധ്യമത്തെ തടുത്തു നിർത്തുക എന്നത് സർക്കാരിന്റെ ഉദ്ദേശമല്ല. ഇടതുപക്ഷ സർക്കാരിനെ സർക്കാരുള്ളപ്പോഴും ഇല്ലാത്തപ്പോഴും തുടർച്ചയായി എതിർത്തു വന്ന മാധ്യമങ്ങളുണ്ട്. ശത്രുതാപരമായ എതിർപ്പു വരെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടതുസർക്കാർ ഏതെങ്കിലും ഘട്ടത്തിൽ ശത്രുതാപരമായ സമീപനം ഒരു മാധ്യമങ്ങളോടും വെച്ചു പുലർത്തിയിട്ടില്ല. ഞങ്ങൾ ചെയ്തത് സദുദ്ദേശപരമായിരുന്നു. ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യത്തെ സംരക്ഷിക്കുന്നവരും ചൂണ്ടിക്കാണിച്ചപ്പോൾ ആ ഓർഡിനൻസ് നടപ്പാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭായോഗത്തിൽ അത് പിൻവലിക്കാനുള്ള ഓർഡിനൻസും ഇറക്കി, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!