സലാഹുദ്ദീൻ വധം: ഒൻപത് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരേ കുറ്റപത്രം

കണ്ണൂർ:കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീനെ വധിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഒൻപത് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരേ അന്വേഷണ സംഘം വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാൻ ഏതാനും ദിവസം ബാക്കിനിൽക്കെ കുറ്റപത്രം നൽകിയതിനാൽ വിചാരണ കഴിയാതെ പ്രതികൾക്ക് ജാമ്യം കിട്ടുക പ്രയാസമാണ്.
തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എസ്.ഷിജുവിന് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. പ്രതികൾ ഹാജരായിരുന്നില്ല. കൊലക്കേസായതിനാൽ തലശ്ശേരി സെഷൻസ് കോടതിയിലാകും വിചാരണ. ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ബി.പി.ശശീന്ദ്രന്റെ അഭിപ്രായവും പോലീസ് തേടിയതായി അറിയുന്നു.
ആർ.എസ്.എസ്. മുഖ്യശിക്ഷക് ചുണ്ടയിൽ പള്ളിയത്തുഞാലിൽ അമൽരാജ് (22), പ്രവർത്തകനും അയൽവാസിയുമായ പി.കെ.നിവാസിൽ റിഷിൽ (24), പൂവത്തിൻകീഴിൽ അമൽരാജ് (22), ആഷിൽ നിവാസിൽ ആഷിക് ലാൽ (25), ധന്യ നിവാസിൽ പി.കെ.പ്രിബിൻ (22), കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ (23), കോളയാട് പാടിപ്പറമ്പിലെ കെ.രാഹുൽ (25), മൊകേരി വള്ളങ്ങാട്ടെ കരിപ്പാളിൽ വീട്ടിൽ യാദവ് (20), ചെണ്ടയാട് കുന്നുമ്മൽ പുള്ളിയുള്ളപറമ്പിൽ മിഥുൻ (22) എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന ഗണപതിയാൻ മിഥുൻ ഒളിവിലാണ്. ഇതിനുപുറമെ രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ ഗൂഢാലോചനയിൽ പങ്കെടുത്തതായി കുറ്റപത്രത്തിൽ സൂചിപ്പിച്ചു.
മുന്നൂറിലേറെ പേജ് വരുന്ന കുറ്റപത്രത്തിൽ 120 സാക്ഷികൾ, 40 തൊണ്ടിമുതൽ, 76 രേഖകൾ എന്നിവയുണ്ട്. സലാഹുദ്ദീനൊപ്പം കാറിലുണ്ടായിരുന്ന സഹോദരിമാരാണ് ദൃക്സാക്ഷികൾ. പ്രതികളുടെ ടവർ ലൊക്കേഷൻ രേഖകളും സലാഹുദ്ദീൻ സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ പോയി സാധനം വാങ്ങിയത് കണ്ട സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഗ്ലാസ് നിർണായക തെളിവായി
സെപ്റ്റംബർ എട്ടിന് വൈകുന്നേരം മൂന്നരയോടെ സലാഹുദ്ദീൻ കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോൾ പിന്നിൽ ബൈക്കിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം കാറിൽ നിന്നിറക്കി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒളിവിലുള്ള ഗണപതിയാൻ മിഥുനാണ് ഇടിച്ച ബൈക്കോടിച്ചിരുന്നത്. ഇയാൾക്കും പരിക്കേറ്റിരുന്നു. ഇവർക്കു പിന്നാലെ മറ്റൊരു കാറിൽ ഏതാനും പ്രതികൾ വന്നിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തിനരികെയുള്ള പുഴക്കരയിൽ നിന്ന് കയറിവരികയായിരുന്നു. ആഷിക്ലാൽ, പ്രബിൻ, പൂവത്തിൻകീഴിൽ അമൽരാജ് എന്നിവരാണ് പുഴക്കരിയിൽനിന്ന് വന്നത്. പിറ്റേന്നുതന്നെ ഇവർ അറസ്റ്റിലായി. സംഭവസ്ഥലത്ത് കൊണ്ടുവന്ന പോലീസ് നായ പുഴക്കരയിൽ പോയി തിരിച്ചുവന്നത് ഇവരെ പിടികൂടാൻ സഹായകമായി. പ്രതികൾ പുഴക്കരയിൽനിന്ന് മദ്യപിച്ച ശേഷമാണ് കയറിവന്നത്. ഇവിടെനിന്ന് കണ്ടെടുത്ത ഗ്ലാസിൽ ഇവരുടെ വിരലടയാളം പതിഞ്ഞതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.

