നടിയെ ആക്രമിച്ച കേസ് ; സർക്കാരിനെതിരെ തടസ് ഹർജിയുമായി ദിലീപ് സുപ്രീംകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സര്‍ക്കാരിനെതിരെ തടസ ഹര്‍ജിയുമായാണ് നടന്‍ കോടതിയിലെത്തിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. കേസില്‍ വിചാരണകോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തളളിക്കളഞ്ഞു. വിചാരണ കോടതിയുമായി വിയോജിപ്പുണ്ടായിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ ഇതിനിടെ സ്ഥാനം രാജിവച്ചു.
സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തളളിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതേ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിക്കുളള തടസ ഹര്‍ജിയാണ് ഇന്ന് ദിലീപ് സമര്‍പ്പിച്ചത്. വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് കാണിച്ചായിരുന്നു ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും മുന്‍പ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ വിശ്വാസം നഷ്‌ടമായ സ്ഥിതിക്ക് കോടതി മാറണമെന്ന് ഇരയായ നടി ആവശ്യപ്പെട്ടു. ഇരയുടെ വിസ്‌താരം പൂര്‍ത്തിയായ സ്ഥിതിക്ക് പുരുഷ ജഡ്‌ജിയായാലും മതിയെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദമെല്ലാം ഹൈക്കോടതി തളളി. കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നും പ്രോസിക്യൂഷനും കോടതിയും യോജിച്ചുപോകണമെന്നും ആവശ്യപ്പെട്ടാണ് ഈ ഹര്‍ജികള്‍ ഹൈക്കോടതി തളളിയത്.

