കർഷക ബില്ലിൽ കേന്ദ്രം ഭേദഗതിയ്ക്ക് തയ്യാറായേക്കും ; മന്ത്രിമാർ തിരക്കിട്ട ചർച്ചയിൽ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്. നിയമം പാര്‍ലമെന്റ് ചേര്‍ന്ന് പിന്‍വലിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ കാര്യമില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ചൊവ്വാഴ്‌ച കര്‍ഷക സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് നിയമ ഭേദഗതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നെന്നാണ് സൂചന. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര യോഗം ചേരുകയാണ്.കേന്ദ്രം നിയമഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ക്യാമ്ബ് ചെയ്യുന്നത്. ഈ ആഴ്‌ച കര്‍ഷക നേതാക്കളുമായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ രണ്ട് ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം പോലും സ്വീകരിക്കാതെ ഗുരുദ്വാരകള്‍ തയ്യാറാക്കിയ ഭക്ഷണമാണ് ചര്‍ച്ചകള്‍ക്കിടയിലെ ഭക്ഷണസമയത്ത് കര്‍ഷകര്‍ കഴിച്ചത്.
മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെതിരെ മുന്‍പ് നടന്ന വന്‍ ജനശ്രദ്ധയാകര്‍ഷിച്ച കര്‍ഷക സമരത്തെക്കാള്‍ വലുതാണ് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം. വിളകളില്‍ താങ്ങുവിലയില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാടെടുത്തെങ്കിലും നിയമം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിയമത്തിലെ ഓരോ ഭാഗവും വിശദമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചു. നിലവില്‍ സമരം ചെയ്യുന്ന സമരക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗബാധയില്‍ വര്‍ദ്ധനവുണ്ടായതും കര്‍ഷക സമരത്തെ കുറിച്ച് ആശങ്കയുണ്ടാകാന്‍ കാരണമായിട്ടുണ്ട്.
ഡിസംബര്‍ 8 ചൊവ്വാഴ്‌ച നടക്കുന്ന ഭാരത ബന്ദില്‍ ഡല്‍ഹിയിലെ ഹൈവേകള്‍ തടയുമെന്നും വാഹനഗതാഗതം സ്‌തംഭിപ്പിക്കുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. രാജ്യമാകെ കര്‍ഷകര്‍ വാഹനഗതാഗതം തടയുമെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് കര്‍ഷക നേതാക്കളുമായി കേന്ദ്രം ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ ചര്‍ച്ച നടത്തുക. മുന്‍പ് സമരം ആരംഭിക്കുന്നതിന് മുന്‍പും രണ്ടുവട്ടം കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്‌ചകളിലൊന്നും അനുനയ തീരുമാനമുണ്ടായില്ല.
അതേസമയം സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വെളളിയാഴ്‌ച ഒരു ഹര്‍ജി സമര്‍പ്പിച്ചു. കൊവിഡ് അതിവേഗം പടരാന്‍ ഇടയാക്കുമെന്ന് കാട്ടിയാണ് ഹര്‍ജി. അതേസമയം സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌ടന്‍ അമരീന്ദര്‍ സിംഗ്, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, എന്നിവര്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.
പുതിയ നിയമം താങ്ങുവില എടുത്തുകളയുന്നതും തങ്ങളെ കോര്‍പറേറ്റുകളുടെ കാല്‍ചുവട്ടില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുമാണെന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാനമായും ആരോപിക്കുന്നത്.

