കേരളത്തിലെ ജയിലുകൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: കേരളത്തിലെ ജയിലുകള്‍ കൊറോണ വ്യാപനകേന്ദ്രങ്ങള്‍ ആണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി. സ്ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് ഇടയില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നില്ല. തടവ്പുള്ളികള്‍ക്ക് പരോള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി നിര്ജീവമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സര്‍ക്കാരിന് എതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഉള്‍പ്പടെ ഏഴ് തടവുകാരെ തലശേരി സബ് ജയിലില്‍ പത്ത്-പന്ത്രണ്ട് അടി മാത്രം വിസ്തീര്‍ണ്ണമുള്ള മുറിയിലാണ് പാര്‍പ്പിച്ചത്.രാവിലെയും വൈകിട്ടും ഇരുപത് മിനുട്ട് വീതം ആണ് ശുചിമുറി ഉപയോഗിക്കുന്നതിനായി സെല്ലിന് പുറത്ത് പോകാന്‍ അനുവദിച്ചിരുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
34 തടവുകാര്‍ക്ക് ആയി നാല് ശുചിമുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കാത്തതിനാല്‍ തലശേരി ജയിലില്‍ കഴിയുന്ന 34 തടവുകാരില്‍ 30 പേര്‍ക്ക് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരാള്‍ മരിക്കുകയും 130 ജയില്‍ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവാകുകയും ചെയ്തിരുന്നു. പരോളില്‍ ആയിരുന്ന തന്റെ ഭര്‍ത്താവ് തലശേരി സബ് ജയിലില്‍ എത്തിയതിന് പിന്നാലെ കോവിഡ് പിടിപെട്ടു എന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഭര്‍ത്താവിന്റെ സ്ഥിതി അതീവഗുരുതരമാണെന്നും ഹര്‍ജിയില്‍ കണ്ണൂര്‍ സ്വദേശിനി വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ അടിയന്തരമായി ഭര്‍ത്താവിന് വീണ്ടും പരോള്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശിയും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അഭിഭാഷകന് ആയ ഷിനോജ് നാരായണ്‍ ആണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

