KSDLIVENEWS

Real news for everyone

കർഷക സമരം ; ആകാശം സമരപ്പന്തൽ, ഭൂമി കിടപ്പിടം; മരം കോച്ചുന്ന തണുപ്പിലും മരവിക്കാത്ത സമരാവേശം

SHARE THIS ON

ഡൽഹി-ഹരിയാണ അതിർത്തിയിലെ സിംഘുവിൽ സമരംചെയ്യുന്ന മുതിർന്നകർഷകർ ട്രാക്ടറിൽ തയ്യാറാക്കിയ ടെന്റിൽ രാത്രി വൈകിയും ഉണർന്നിരിക്കുന്നു |
: ഉത്തരേന്ത്യയിലെ കൊടും മരം കോച്ചുന്ന തണുപ്പിൽ രാത്രികളിലും സമരം തുടരുന്ന കർഷകർക്ക് ആകാശം സമരപ്പന്തൽ, ഭൂമി കിടപ്പിടം. ഡൽഹി-ഹരിയാണ അതിർത്തിയിലെ ദേശീയപാതയുടെ എട്ടു കിലോമീറ്ററോളം സമരഭൂമിയാക്കിയ കർഷകരുടെ പോരാട്ടവീര്യത്തെ തണുപ്പും കാറ്റും തളർത്തുന്നില്ല. തീകാഞ്ഞും പന്തം കൊളുത്തിയും പാട്ടുപാടിയും മുദ്രാവാക്യമുയർത്തിയും അവർ സമരത്തീ പടർത്തുന്നു. ട്രക്കുകളിലും ട്രാക്ടറുകളിലും പുല്ലുവിരിച്ച് ഉറങ്ങുന്നു. രണ്ടാഴ്ച പിന്നിടുന്ന സമരവേദിയിലേക്ക് കഴിഞ്ഞ ദിവസം മുതൽ കർഷകസ്ത്രീകളും എത്തിത്തുടങ്ങി.
തണുപ്പുകാലത്ത് വൈകീട്ട് അഞ്ചോടെ ഇവിടെ ഇരുട്ടുവീണു തുടങ്ങും. പിന്നെ ജനറേറ്റർ വെളിച്ചത്തിലാണ് സമരം. മുദ്രാവാക്യം വിളികളുമായി ചെറുജാഥകളുടെ വരവായി. പന്തം കത്തിച്ചാണ് ചില സംഘങ്ങളുടെ ജാഥ. മറ്റു ചിലർ പാട്ടുകളും തെരുവു നാടകങ്ങളുമൊരുക്കുന്നു.
സമര സംഘടനാ നേതാക്കൾ സമരസ്ഥലത്ത് സജ്ജീകരിച്ച ഓഫീസുകളിൽ അടുത്ത ദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. പ്രവർത്തകർക്കുള്ള ചുമതലകൾ വീതിച്ചുനൽകുന്നു. പച്ചക്കറി നുറുക്കുന്നതു മുതൽ ഭക്ഷണശാല ശുചിയാക്കുന്നതുവരെ സേവനമായി ഏറ്റെടുക്കുന്ന പ്രവർത്തകർ.
സമരസംഘടനകളുടെ നേതൃത്വത്തിൽ പലയിടങ്ങളിലായി തുറന്ന ഭക്ഷണകേന്ദ്രങ്ങളിൽ ഇടവിടാതെ ആഹാരവിതരണം. പുലർച്ചെ അഞ്ചിന് ചായയിൽ തുടങ്ങുന്ന ഭക്ഷണവിതരണം രാത്രി 11 വരെ നീളും. ആരോഗ്യപരിപാലനത്തിനായി സമിതികളുടെ നേതൃത്വത്തിൽ സമരസ്ഥലത്ത് തുറന്ന ചികിത്സാ കേന്ദ്രങ്ങൾ രാത്രിയിലും പ്രവർത്തന സജ്ജം. ട്രാക്ടറുകളും ട്രോളികളുമാണ് സമരക്കാരുടെ ഉറക്കമുറികൾ. ഒരു ട്രോളിയിൽ അഞ്ചുമുതൽ 10 വരെ ആളുകൾ. പുലർച്ചെ സമീപത്തെ പൊതുടാപ്പുകളിൽ കുളി. പിന്നെ സമരമുഖത്തേക്ക്.
അഖിലേന്ത്യാ അങ്കണവാടി ഹെൽപ്പേഴ്സ് യൂണിയൻ പഞ്ചാബ് സംസ്ഥാന അധ്യക്ഷ ചപ്ടിവാല സ്വദേശി സരോജിന്റെ നേതൃത്വത്തിൽ സ്ത്രീകളും സമരരംഗത്തേക്ക് സംഘടിച്ചെത്തിയിട്ടുണ്ട്. സമരത്തിനെത്തിയ സ്ത്രീകൾക്ക് ആവേശം പകരാൻ ശനിയാഴ്ച രാത്രിയിൽ പഞ്ചാബി-ഓസ്‌ട്രേലിയൻ നടി ജപ്ജി ഖേരയും സിംഘുവിലെത്തി. വീടുകളായി മാറിയ ട്രാക്ടറുകൾക്കടുത്തെത്തി സ്ത്രീകൾക്കൊപ്പമിരുന്ന് അവർ സമരത്തെക്കുറിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!