ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ചൊവ്വാഴ്ചത്തെ ബന്ദിന് പ്രതിപക്ഷ സംഘടനകളും പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.
സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങൾ രാജ്യത്തെവിടെയും ഉണ്ടാകാൻ പാടില്ല. അക്കാര്യം ഉറപ്പുവരുത്താൻ തക്കവിധമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശമുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ ചൊവ്വാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്. കേരളത്തെ ഭാരത് ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോൺഗ്രസ്, എൻസിപി, ഡിഎംകെ, എസ്പി, ടിആർഎസ്, ഇടതുപാർട്ടികൾ തുടങ്ങിയവ ബന്ദിനെ പിന്തുണയ്ക്കുമെന്ന് ഞായറാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ദിവസങ്ങളാണ് ഡൽഹിയുടെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. പഞ്ചാബ്, ഹരിയാണ, യു.പി എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് അവരിൽ അധികവും. സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചർച്ചയും ശനിയാഴ്ച പരാജയപ്പെട്ടിരുന്നു.
പുതിയ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർ ‘അതേ എന്നോ ഇല്ല’ എന്നോ ഉള്ള മറുപടി മാത്രം തങ്ങൾക്ക് ലഭിച്ചാൽ മതിയെന്ന് വ്യക്തമാക്കിക്കൊണ്ട് അഞ്ചാംവട്ട ചർച്ചയ്ക്കിടെ മൗനവൃതം ആചരിച്ചിരുന്നു. ഇതോടെയാണ് ഡിസംബർ ഒമ്പതിന് വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന്റെ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ചർച്ചയ്ക്കുശേഷം കർഷക സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

