അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല ; ഇനി ഞങ്ങൾ വോട്ട് ചെയ്യില്ല ;
ഇനിയുമീ അവഗണന സഹിക്കാനാവില്ല; വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി ദേലംപാടി പഞ്ചായത്തിലെ എഴുപതോളം കുടുംബങ്ങൾ

ദേലംപാടി: ‘പൗരന്റെ കടമ മറന്നിട്ടല്ല. ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. പല വാതിലുകളും മുട്ടി. പലരേയും കണ്ടു. എല്ലാവരും ഞങ്ങളുടെ നാടിനെ മറന്നു. ഗതാഗതസൗകര്യമുള്ള റോഡില്ല. അങ്കണവാടിക്ക് കെട്ടിടമില്ല. സൗകര്യമുള്ള സ്കൂളില്ല. ആസ്പത്രിയില്ല. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല. പിന്നെ, ഞങ്ങളെന്തിന് വോട്ട് ചെയ്യണം’.
ചോദിക്കുന്നത് ദേലംപാടി പഞ്ചായത്തിലെ നൂജിബെട്ടു, അഡ്ഡന്തടുക്ക, കോമ്പോട് പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾ.
കർണാടക അതിർത്തിയിലെ ഈ പ്രദേശങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്നത് നൂജിബെട്ടു-പക്രൂട്ടി-പരപ്പ റോഡാണ്. സംരക്ഷിതവനമേഖലയിൽ കൂടി ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് ഈ റോഡ്.
ഇതുവരെയായും ടാർ ചെയ്യാനോ ഗതാഗതയോഗ്യമാക്കാനോ ആരും മുതിർന്നില്ല. വനമേഖലയായതുകൊണ്ട് ടാർ ചെയ്യാനാവില്ലെന്ന് അധികാരികൾ പറയുന്നു. വനംമന്ത്രി, എം.പി., എം.എൽ.എ, കളക്ടർ തുടങ്ങിയ ഭരണകർത്താക്കളെ മുഴുവൻ കണ്ടു. സാങ്കേതികത്വം പറഞ്ഞ് അവർ മടക്കിയയച്ചു.
കാലവർഷമായാൽ വനപാതയിലൂടെ ഗതാഗതം സാധ്യമല്ല. വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. മഴക്കാലത്ത് കർണാടകയിലൂടെ പള്ളത്തൂർ വഴിയാണ് ഇവിടത്തുകാർ സംസ്ഥാനത്തെത്തുന്നത്.
എന്നാൽ, ഇത്തവണ കോവിഡും കാലവർഷവും ഒന്നിച്ചുവന്നതോടെ ഈ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടു. കർണാടകം പള്ളത്തൂരിലും മറ്റ് അതിർത്തിപ്രദേശങ്ങളിലും റോഡിൽ മൺകൂന തീർത്തതോടെ നാലുമാസം പുറംലോകവുമായി ബന്ധമില്ലാതെ വീടുകളിൽ തളച്ചിടപ്പെട്ടു.
ഈ പ്രദേശങ്ങളിലെ ജനങ്ങൾ നിത്യോപയോഗസാധനങ്ങൾ, ആസ്പത്രി, വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കർണാടകയിലെ ഈശ്വരമംഗലം, പുത്തൂർ, സുള്ള്യ എന്നീ നഗരങ്ങളെയാണ്.
അതിർത്തികൾ അടച്ചതോടെ ജനങ്ങൾ ദുരിതത്തിലായി. നൂജിബെട്ടു-പക്രൂട്ടി- പരപ്പ വനപാത ഗതാഗതയോഗ്യമായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇനിയും ഈ അവഗണന സഹിക്കാനാവില്ല. കളക്ടർ ഇടപെട്ട് ഗതാഗതസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം കക്ഷിരാഷ്ട്രീയഭേദമെന്യേ വോട്ട് ബഹിഷ്കരിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.ഇവിടെ ജീവിക്കുന്നതും മനുഷ്യരാണ്
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച റോഡാണ്. സാങ്കേതികത്വം പറഞ്ഞ് വികസനം തടസ്സപ്പെടുത്തുകയാണ്. രാഷ്ട്രീയപ്പാർട്ടികളും ജനപ്രതിനിധികളും ശ്രദ്ധിക്കുന്നില്ല. മനുഷ്യരാണ് ഇവിടെ താമസിക്കുന്നത്. ഞങ്ങളും ഈ നാട്ടിലെ പൗരന്മാരാണ്. ഞങ്ങളുടെ പരിദേവനം അധികാരികൾ കേൾക്കണം.
ബാലകൃഷ്ണ, നൂജിബെട്ടുമറ്റു മാർഗങ്ങളില്ല
വനംമന്ത്രിക്കടക്കം നിവേദനം നൽകി. കർണാടകം അതിർത്തി അടച്ചപ്പോൾ നാട്ടുകാർ അനുഭവിച്ച ദുരിതത്തിന് കണക്കില്ല. കേരളവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണിത്.
രാഷ്ട്രീയ എതിർപ്പുകൊണ്ടല്ല വോട്ട് ബഹിഷ്കരിക്കുന്നത്. മറ്റു മാർഗങ്ങളില്ല.
അഷ്റഫ് കോമ്പോട്കളക്ടർ ഇടപെടണം
നൂജിബെട്ടു-പക്രൂട്ടി-പരപ്പ വനപാത കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കും. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുടെയും തീരുമാനമാണിത്. വിഷയത്തിൽ കളക്ടർ അടിയന്തരമായി ഇടപെടണം.
മുഹമ്മദ് അഷ്റഫ്,

