‘ മറക്കരുത് മാസ്ക് ധരിക്കാൻ ‘ – വോട്ട് ചെയ്യാൻ. പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ്. പോളിങ് ബൂത്തുകളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഇവയാണ്.
ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.
വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ വായും മൂക്കും മൂടുന്ന വിധത്തില്‍ മാസ്ക് ധരിക്കാന്‍ മറക്കരുത്. ആവശ്യപ്പെട്ടാല്‍ മാത്രം മാസ്ക് താഴ്ത്തി മുഖം വ്യക്തമാക്കണം.ബൂത്തില്‍ സാനിറ്റൈസര്‍ ഉണ്ടാകുമെങ്കിലും സ്വന്തമായി കരുതുന്നത് നല്ലതാണ്. വോട്ടര്‍മാര്‍ പരസ്പരം സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക. പ്രായമേറിയവര്‍, ഭിന്നശേഷിക്കാര്‍, രോഗ ബാധിതര്‍ എന്നിവര്‍ ക്യൂവില്‍ നില്‍ക്കേണ്ട. ബട്ടനില്‍ തൊടും മുന്‍പ് കൈകള്‍ സാനിറ്റൈസ് ചെയ്യുക. മെഷീനില്‍ സാനിറ്റൈസര്‍ പുരട്ടരുത്. രജിസ്റ്ററില്‍ ഒപ്പിടാന്‍ സ്വന്തം പേന കരുതാം. ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക.
തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തിനു സമീപത്തു രാഷ്ട്രീയ ചിഹ്നം പതിച്ച മാസ്ക് ധരിച്ചെത്തുന്നതു ചട്ട ലംഘനമാണ്. രാഷ്ട്രീയ കക്ഷികളെല്ലാം മുന്നണിയുടെ ചിഹ്നമോ കൊടിയുടെ നിറമോ പതിച്ച മാസ്ക്കുകള്‍ വ്യാപകമായി വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ ധരിച്ചു ബൂത്തിലെത്തരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ചത്. പോളിങ് സ്റ്റേഷനു സമീപം വോട്ട് അഭ്യര്‍ഥിക്കാനും പാടില്ല.
ബൂത്തില്‍ വോട്ടര്‍മാരെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വാഹനം ഏര്‍പ്പെടുത്താന്‍ പാടില്ല. പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെ വരെയും നഗരസഭകളില്‍ 100 മീറ്റര്‍ അകലെ വരെയും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ക്യാമ്ബുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കൂ. ഈ ക്യാമ്ബുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ വയ്ക്കാം. ബന്ധപ്പെട്ട അധികാരിയില്‍ നിന്നു രേഖാമൂലം അനുമതി വാങ്ങിയ ശേഷമേ ക്യാമ്ബ് സ്ഥാപിക്കാവൂ.
പോളിങ് സ്റ്റേഷനുകളില്‍ നിരീക്ഷകര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവരൊഴികെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയ കക്ഷികള്‍ അവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്കു വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ഉള്ളതാകണം. ഇതില്‍ സ്ഥാനാര്‍ഥിയുടെയും കക്ഷികളുടെയും പേരോ ചിഹ്നമോ ഉണ്ടാകരുത്.
ബൂത്തിനു സമീപത്തു നിശ്ചിത പരിധിയില്‍ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ പതിച്ച മാസ്ക് ഉപയോഗിക്കരുത്. വോട്ടെടുപ്പിനു മുന്‍പ് 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യ വില്പന നടത്തരുത്. സ്ഥാനാര്‍ഥിയുടെ ക്യാംപുകളില്‍ ആഹാരം വിതരണം പാടില്ല.

