കേരള – ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന

കേരള-ഗള്‍ഫ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. കഴിഞ്ഞ ആഴ്ച വരെ 500 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കില്‍ ഈ ആഴ്ച 200-400 ദിര്‍ഹം (4000-8000 രൂപ) വരെ വര്‍ധിച്ച് 700 മുതല്‍ 900 ദിര്‍ഹം വരെയായി. വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയര്‍ലൈനുകളുടെ നിരക്കില്‍ വ്യത്യാസമുണ്ട്. .
വന്ദേഭാരത് വിമാന സര്‍വീസുകള്‍ മാര്‍ച്ച് വരെ നീട്ടിയതോടെ പുതുവര്‍ഷത്തില്‍ സാധാരണ വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയില്‍ 10ന് സ്കൂളുകള്‍ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമായി. കൂടാതെ വീസ നിയമലംഘകര്‍ക്കു രാജ്യം വിടാനുള്ള സമയപരിധി ഡിസംബറില്‍ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വേയ്സ് വിമാനങ്ങളാണ് ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നത്.

