KSDLIVENEWS

Real news for everyone

കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്‌

SHARE THIS ON

കോഴിക്കോട്: അനധികൃത വീട് നിർമാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എൽ.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസയച്ചു. ഡിസംബർ 17 ന് ഹാജരായി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ ആശയ്ക്ക് നോട്ടീസയച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിർമാണം അനധികൃതമാണെന്ന് നേരത്തെ കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽനിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് കോർപ്പറേഷൻ നടത്തിയ അളവെടുപ്പിൽ വ്യക്തമായത്. 2016-ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിരുന്നില്ല. മൂന്നാംനിലയിലാണ് അധികനിർമാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന അഴിമതിയാരോപണത്തിന് പിന്നാലെയാണ് വീടിന്റെ അളവെടുപ്പ് നടന്നത്. ഷാജിയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ പിന്നാലെയായിരുന്നു വീട് അളന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയേയും ഭാര്യ ആശയേയും എം.കെ മുനീർ എം.എൽ.എയുടെ ഭാര്യ നഫീസയേയും ഇ.ഡി. ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!