മൂന്നാം ഘട്ടത്തില്‍ കനത്ത പോളിങ് ; 60% ; പലയിടത്തും സംഘര്‍ഷം

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ പോളിങ് അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ നാല് ജില്ലകളിലും കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി 10 മണിക്കൂറിനോട് അടുക്കുമ്പോൾ പോളിങ് 68 ശതമാനം പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളെക്കാൾ ഉയർന്ന പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്ഇതിനിടെ പലയിടത്തും സംഘർഷം റിപ്പോർട്ട് ചെയ്തു. നാദാപുരം തെരുവംപറമ്പിൽ സംഘർഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളിൽ വോട്ടെണ്ണൽ മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് അൽപം വൈകി.
മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തർ ഏറ്റുമുട്ടി. മുൻ കൗൺസിലർ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിനും സംഘർഷത്തിൽ പരിക്കേറ്റു. പോലീസ് ലാത്തിവീശി.
കണ്ണൂർ ആന്തൂർ നഗരസഭയിലാണ് റെക്കോർഡ് പോളിങ്. കണ്ണൂരിലും കാസർകോടും ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയർന്നിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരിൽ വേട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു.
എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരിൽ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതു ദൂർഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോർഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ വ്യക്തമാക്കി.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.
സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

