പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ. സംഘമെത്തി; അന്വേഷണം ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കാൻ സി.ബി.ഐ. സംഘമെത്തി. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റിലെ എസ്.പി. നന്ദകുമാർ നായർ, ഡിവൈ.എസ്.പി. ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 10 അംഗ സംഘമാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാഞ്ഞങ്ങാട്ടെത്തിയത്. ചൊവ്വാഴ്ച അന്വേഷണം തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശരത്‌ലാലും കൃപേഷും വെട്ടേറ്റുവീണ കല്യോട്ട്-കൂരാങ്കര റോഡിലാണ് സി.ബി.ഐ. സംഘം ആദ്യമെത്തുക.
ചൊവ്വാഴ്ച രാവിലെ 11-ന് ഉദ്യോഗസ്ഥർ ഇവിടെയെത്തും. തുടർന്ന് ഇരുവരുടെയും കുടുംബാംഗങ്ങളെ കണ്ട് മൊഴിയെടുക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നപ്പോൾ സി.ബി.ഐ. ഉദ്യോഗസ്ഥർ കല്യോട്ടെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാകും ഇനിയുള്ള ദിവസങ്ങളിലെ മൊഴിയെടുക്കലും അന്വേഷണവും.

