പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് തത്സമയം വീക്ഷിച്ച് കളക്ടർ

കാസർഗോഡ് • ജില്ലയിലെ 67 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് തത്സമയം വീക്ഷിച്ച് കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ. കളക്ടറേറ്റിൽ സജ്ജമാക്കിയ തിരഞ്ഞെടുപ്പ് നിയന്ത്രണമുറിയിൽവെച്ചാണ് ഇന്റർനെറ്റ് ഉപയോഗിച്ചുള്ള തത്സമയ ചിത്രീകരണം കളക്ടർ വീക്ഷിച്ചത്.
ബൂത്തുകളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കി സമ്മതിദായകർക്ക് സുതാര്യമായി വോട്ട് ചെയ്യാൻ അവസരമൊരുക്കാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് കളക്ടർ തത്സമയം നിർദേശം നൽകി. കോവിഡ് ചട്ടങ്ങൾ കർശനമായി ഉറപ്പ് വരുത്താനും കളക്ടർ ഇടപെട്ടു. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തിലെ തത്സമയ ദൃശ്യങ്ങളാണ് കളക്ടർ നിരീക്ഷിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലയിലെ 99 പോളിങ് ബൂത്തുകളെയാണ് പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചത്. ഇതിൽ 32 പോളിങ് ബൂത്തുകളിൽ തത്സമയ ചിത്രീകരണത്തിന് നെറ്റ് വർക്ക് സൗകര്യം ഇല്ലായിരുന്നു. അതിനാൽ ഇവിടങ്ങളിൽ വീഡിയോ ചിത്രീകരണം ഏർപ്പെടുത്തി
ഇത് കൂടാതെ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തിയ 23 ബൂത്തുകളിലും സ്ഥാനാർഥികളുടെ സ്വന്തം ചെലവിൽ ആവശ്യപ്പെട്ടിട്ടുള്ള 134 ബൂത്തുകളിലൂം ഹൈക്കോടതി ഉത്തരവ് പ്രകാരം ആറ് ബൂത്തുകളിലും വീഡിയോചിത്രീകരണം ഏർപ്പാടാക്കിയിരുന്നു.

