കാട്ടാനകൾക്കു പിന്നാലെ പുലിയും ; ഓപ്പറേഷൻ ഗജയിലുടെ തുരത്തിയ കാട്ടാനകൾ വീണ്ടും തിരികെയെത്തി കൃഷികൾ നശിപ്പിച്ചു

മുള്ളരിയ • ഓപ്പറേഷൻ ഗജയിലുടെ രണ്ടാഴ്ച മുൻപു വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം അഡൂരിലേക്കു തിരിച്ചെത്തി . അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം.മുരളീധര ഭട്ടിന്റെ തോട്ടത്തിലാണ് 4 ദിവസമായി കാട്ടാനക്കൂട്ടം തുടർച്ചയായി നാശം വിതയ്ക്കുന്നത് . ഇതിനകം 150 ൽ ഏറെ കമുകുകളാണ് ഇവ തകർത്തത് . 7 എണ്ണമുള്ള കൂട്ടമാണിത് . ചാമക്കൊച്ചി , അന്നടുക്കം മേഖലകളിലും ഇവയുടെ ശല്യമുണ്ട് . റോഡ് സൗകര്യമില്ലാത്തതിനാൽ വനപാലകർക്ക് പെട്ടെന്ന് ഇവിടേക്ക് എത്താൻ കഴിയുന്നില്ല . മുളിയാർ , കാറഡുക്ക , ദേലംപാടി പഞ്ചായത്തുകളുടെ മലയോര മേഖലകളിൽ കാട്ടാനശല്യം വർധിച്ചതോടെയാണ് ഓപ്പറേഷൻ ഗജ എന്ന ദൗത്യത്തിലൂടെ വനപാലകർ ഇവയെ തുരത്തിയത് . കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നൂറോളം വനപാലകർ 10 ദിവസം കൊണ്ടാണ് ഇതു സാധിച്ചെടുത്തത് . ഒറ്റയാൻ ഒഴികെ പുലിപ്പറമ്പിലെ സൗരോർജ വേലി കടത്തിവിട്ട മറ്റെല്ലാ ആനകളും കർണാടകയിലേക്കു നീങ്ങിയിരുന്നു . ആനകൾ കർണാടകയിലേക്ക് തിരിച്ചുപോകുമ്പോൾ സാധാരണ അവിടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ച് തിരിച്ച് അയക്കാറുണ്ടെങ്കിലും അതുപാടില്ലെന്ന നിർദേശം കർണാടക വനംവകുപ്പ് അവർക്കു നൽകിയിരുന്നു . ഉത്തരമേഖല സിസിഎഫ് ഡി.കെ.വിനോദ് കുമാർ , കർണാടക വനംവകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആനകളെ കുടക് വനത്തിലേക്ക് എത്തിക്കുന്നതിന് അവർ പിന്തുണ നൽകിയത് . കുറെ ദൂരം മുന്നോട്ടു പോയെങ്കിലും ആനക്കൂട്ടം തിരിച്ചു വന്നു 4 ദിവസം മുൻപ് ചിക്കണ്ടെമൂലയിൽ ഇറങ്ങുകയായിരുന്നു . അതിർത്തിയിൽ തകർന്നു കിടക്കുന്ന സൗരോർജ വേലി നന്നാക്കുന്ന പണി പുരോഗമിക്കുന്നതേയുള്ളൂ . ഇന്നലെ മുതൽ പുലിപ്പേടിയും … കാട്ടാനകൾക്കു പിന്നാലെ പുലിയും എത്തി . ദേലംപാടി തീർഥക്കരയിലെ സി.മണികണ്ഠന്റെ വീട്ടിലെ വളർത്തു നായയെ പുലി കൊണ്ടുപോയി . ഇന്നലെ പുലർച്ചെ 4 മണിക്കാണ് സംഭവം . ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയെങ്കിലും ഇതിനെ കാണാൻ കഴിഞ്ഞില്ല . കഴിഞ്ഞ വർഷവും ഇവിടെ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു . അന്നു പുലിയെ വീട്ടുകാർ കണ്ടിരുന്നു . അതേ ശബ്ദം തന്നെയാണ് ഇന്നലെയും കേട്ടതെന്ന് ഇവർ പറയുന്നു . വളർത്തു മൃഗങ്ങൾക്കു നേരെ മുൻപും ഈ പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിരുന്നു . വന്യജീവി കണക്കെടുപ്പിൽ പുലിയെ കണ്ടെത്തുകയും ചെയ്തിരുന്നു .

