KSDLIVENEWS

Real news for everyone

ബ്രിട്ടണില്‍ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്; വ്യാപനനിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ട്‌

SHARE THIS ON

ലണ്ടൻ: കോവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസിൽനിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളിൽ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക പഠന റിപ്പോർട്ട്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനിൽ ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ജനങ്ങളുടെ സുരക്ഷയും ദീർഘകാലത്തേക്ക് നീണ്ടുനിൽക്കാനിടയുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഒരാഴ്ച്ച കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് ആശങ്കാജനകമാണെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു.
ടയർ 2 നിയന്ത്രണത്തിൽനിന്ന് ടയർ 3 നിയന്ത്രണത്തിലേക്കാണ് ലണ്ടൻ നീങ്ങുന്നത്. തിയറ്ററുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടും. ദിനംപ്രതിയുള്ള രോഗികളുടേയും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം വർധിക്കുന്നതു ആരോഗ്യവകുപ്പിന് ആശങ്ക വർധിപ്പിക്കുന്നതായി ഹാൻകോക്ക് പറഞ്ഞു. പൊതുസ്ഥലത്ത് ആറ് പേരിലധികം സംഘം ചേരുന്നത് നിരോധിച്ചു. വീടുകൾക്ക് പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിന് നിയന്ത്രണമുണ്ട്.
ലണ്ടന്റെ അതിർത്തി കൗണ്ടികളായ എസ്സെക്സ്, കെന്റ്, ഹെർത്ഫോർഡ്ഷെയർ എന്നിവടങ്ങളിലും ടയർ 3 നിയന്ത്രണം ഏർപ്പെടുത്തി. 11-18 വയസുകാർക്കിടയിൽ കോവിഡ് പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നത് ദുഃഖകരമാണെന്ന് ലണ്ടൻ മേയർ സാദിക് ഖാൻ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നത് ക്രിസ്മസ് വ്യാപാരത്തെ ബാധിക്കാനിടയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയതായും എന്നാൽ നിലവിൽ രോഗകാരണമാകുന്ന വൈറസിൽ നിന്ന് വ്യത്യസ്തമായതും ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ പ്രവർത്തനരീതി പുതിയ വൈറസിനുണ്ടെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കൊറോണ വൈറസിന്റെ ജനിതകമാറ്റമുള്ള വിവിധ തരം വൈറസുകളെ കണ്ടെത്തിയിട്ടുള്ളതായും കാലക്രമേണ വൈറസിന്റെ ജനിതകഘടനയിൽ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യവിദഗ്ധൻ മൈക്ക് റയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!