തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ; നാളെ ആര് വീഴും ആര് വാഴും ? 2015 ലെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം വോട്ടിംഗ് ശതമാനത്തിലും പ്രകടമാണ്. കനത്ത പോളിംഗ് ആണ് മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ ഉടനീളം ദൃശ്യമായത്. മൂന്നാംഘട്ട വോട്ടെടുപ്പും ഇന്നലെ അവസാനിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരു തിരിഞ്ഞുനോട്ടമാണിവിടെ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കായിരുന്നു? ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ജയിച്ചത് ആര്? കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തുകളും പിടിച്ചത് ഏത് മുന്നണിയായിരുന്നു? ഇത്തവണ മികച്ച വിജയം നേടുമെന്ന് പ്രധാന കക്ഷികള്‍ അവകാശപ്പെടുമ്ബോള്‍ 2015ലെ ഫലം എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കാം.
ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് തിളക്കം
941 ഗ്രാമ പഞ്ചായത്തുകളില്‍ 549ലും വിജയിച്ച് എല്‍.ഡി.എഫ് ആണ് ഏറ്റവുമധികം ഗ്രാമപഞ്ചായത്തുകള്‍ നേടിയത്. 365 പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചു. എന്‍.ഡി.എ പതിനാലും മറ്റുളളവര്‍ പതിമൂന്നും നേടി. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 7623 എണ്ണം എല്‍.ഡി.എഫിനൊപ്പമായിരുന്നു. 6324 വാര്‍ഡുകളില്‍ യു.ഡി.എഫും 933 എണ്ണത്തില്‍ എന്‍.ഡി.എയും 1078 വാര്‍ഡുകളില്‍ മറ്റുളളവരും ജയിച്ചു.
ബ്ലോക്കിലും എല്‍.ഡി.എഫ്
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90 എണ്ണം എല്‍.ഡി.എഫ് നേടി. 61 എണ്ണം യു.ഡി.എഫും കൈവശപ്പെടുത്തി. എന്‍.ഡി.എക്ക് ഒന്ന് പോലും കിട്ടിയില്ല. മറ്റുളളവരുടെ ഗണത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്തുണ്ട്. 1088 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളാണ് എല്‍.ഡി.എഫ് നേടിയത്. 917 എണ്ണത്തില്‍ യു.ഡി.എഫ് വിജയിച്ചു. എന്‍.ഡി.എക്ക് 21 വാര്‍ഡുകള്‍ കിട്ടി. മറ്റുളളവര്‍ക്ക് 53 വാര്‍ഡുകളും ലഭിച്ചു.
ജില്ലകള്‍ തുല്യം
ജില്ലാ പഞ്ചായത്ത് തുല്യമായി നേടുകയായിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും. ഏഴ് വീതം ഇരുവരും കൈവശപ്പെടുത്തി. 170 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍.ഡി.എഫും 145 ഡിവിഷനുകളില്‍ യു.ഡി.എഫും വിജയിച്ചു. മൂന്ന് ഡിവിഷനുകള്‍ എന്‍.ഡി.എക്കും നാല് ഡിവിഷനുകള്‍ മറ്റുളളവര്‍ക്കും കിട്ടി. ഇത്തവണ കൂടുതല്‍ ജില്ലാ പഞ്ചായത്തുകള്‍ പിടിക്കുമെന്നാണ് പ്രബല മുന്നണികളുടെ വാദം.
മുന്‍സിപ്പാലിറ്റി പിടിച്ച് യു.ഡി.എഫ്
87 മുന്‍സിപ്പാലിറ്റികളില്‍ 44 എണ്ണം നേടിയത് എല്‍.ഡി.എഫ് ആയിരുന്നു. 41 എണ്ണം യു.ഡി.എഫും നേടി. എന്‍.ഡി.എക്ക് ഒരു മുന്‍സിപ്പാലിറ്റി ലഭിച്ചു. 1263 മുന്‍സിപ്പല്‍ ഡിവിഷനുകളില്‍ ജയിച്ചത് എല്‍.ഡി.എഫ് ആണ്. എന്നാല്‍ 1318 ഡിവിഷനുകള്‍ ലഭിച്ചത് യു.ഡി.എഫിനാണ്. എന്‍.ഡി.എക്ക് 236 ഉം മറ്റുളളവര്‍ക്ക് 259ഉം ഡിവിഷനുകള്‍ ലഭിച്ചു.
കോര്പ്പറേഷന് എല്‍.ഡി.എഫിനൊപ്പം
ആറ് കോര്‍പ്പറേഷനില്‍ നാലും പിടിച്ചത് എല്‍.ഡി.എഫ് ആയിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന് കിട്ടി. 196 കോര്പ്പറേഷന് ഡിവിഷനുകന് എല്‍.ഡി.എഫിനും 143 എണ്ണം യു.ഡി.എഫിനും കിട്ടി. എന്‍.ഡി.എക്ക് 51 ഡിവിഷനുകള്‍ ലഭിച്ചു. മറ്റുളളവര്‍ക്ക് 24ഉം കിട്ടി. കോര്‍പ്പറേഷനുകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇത്തവണ തിരുവനന്തപുരമാണ്.
തലസ്ഥാനം ആര് പിടിക്കും?
തിരുവനന്തപുരം കോര്പറേഷന് ഇത്തവണ ബിജെപി പിടിക്കുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ എല്‍ഡിഎഫിനെയും പിന്നിലാക്കുമെന്നാണ് ബിജെപിയുടെ വാദം. പ്രമുഖരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇത് തടയാന്‍ എല്ലാ ശ്രമങ്ങളും സിപിഎം നടത്തിയിട്ടുണ്ട്.

