ആഗോളതലത്തിൽ കോവിഡ് ബാധിതർ 7.90 കോടി ; മരണം 17,36,331

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. 17,36,331 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നു. നിലവില്‍ 2,84,705 പേരാണ് ചികിത്സയിലുളളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.65 ശതമാനമായി. കേരളത്തിലാണ് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.യു എസില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയൊമ്ബത് ലക്ഷം കടന്നു. 3,34,121 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 1,89,264 പേര്‍ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. അതേസമയം ബ്രിട്ടനില്‍ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.

