ഔഫ് കൊലപാതകം : കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി ; സാക്ഷിമൊഴികൾ വീണ്ടുമെടുക്കും

കാഞ്ഞങ്ങാട് : കല്ലൂരാവിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു . ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം ഒന്നാം പ്രതി ഇർഷാദിനെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെത്തിയത് . ഏറെ നേരം മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത കാണിച്ചുകൊടുത്ത സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കത്തി കണ്ടെത്താൻ കഴിഞ്ഞില്ല . പ്രതി തെറ്റിദ്ധരിപ്പിച്ചതാണെന്നു വ്യക്തമായതോടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കത്തി ഉപേക്ഷിച്ച യഥാർത്ഥ സ്ഥലം ചൂണ്ടിക്കാണിച്ചതെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു . തുടർന്ന് പ്രതിയെ കൊണ്ടു തന്നെ കത്തി എടുപ്പിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു . കോടതിയിൽ ഹാജരാക്കിയ ശേഷം കത്തി ഫോറൻസിക് പരിശോധനയ്ക്കായി അയക്കും . അതേ സമയം കേസിലെ മറ്റു രണ്ടു പ്രതികളായ ഹസൻ , ആഷിർ എന്നിവരെ കസ്റ്റഡിയിൽ കിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് .

