അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വർധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. കഴിഞ്ഞ ദിവസം വിലയിൽ 2.5ശതമാനമാണ് വർധനവുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതുമാണ് സ്വർണവിലയെ ബാധിച്ചത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും സ്വർണവിലയെ ബാധിച്ചു.

