ബ്രിട്ടനിൽ നിന്നെത്തി കോവിഡ് പോസറ്റീവ് ആയി, സർക്കാർ ആശുപത്രിയിലെ ചികിത്സ നിരസിച്ച് നടി

ഇന്ത്യയിൽ ചിത്രീകരണത്തിന് എത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. കവിത ആൻഡ് തെരേസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഡിസംബർ 20ന് ബനിത കൊൽക്കത്തയിൽ എത്തിയത്. ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത അതേ വിമാനത്തിലായിരുന്നു ബനിതയും കൊൽക്കത്തയിൽ എത്തിയത്.
അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് സർക്കാർ ആശുപത്രിയിലെ ചികിത്സ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബനിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബനിതയിലും പുതിയ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് വന്നവരെ പ്രത്യേകമായി പാർപ്പിക്കാൻ സംവിധാനമുള്ള, കൊൽക്കത്തിയിലെ സർക്കാർ ആശുപത്രിയിലേക്കാണ് ബനിതയെയും ആദ്യം എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ബനിത ആംബുലൻസിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
പ്രോട്ടോക്കളിന് വിരുദ്ധമായതിനാൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും പോലീസിനെയും ആരോഗ്യപ്രവർത്തകർ വിവരമറിയിച്ചു. ബനിത ഇറങ്ങിപ്പോകാതിരിക്കാൻ പോലീസെത്തി ആംബുലൻസ് വളഞ്ഞു. ഒടുവിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

