KSDLIVENEWS

Real news for everyone

കാസർഗോഡ് അത്തിയഡുക്കത്ത് നിന്നു വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ എട്ട് യുവാക്കളെ കാണാനില്ല

SHARE THIS ON

യുവാക്കള്‍ പോയത് മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെന്ന്

കാസര്‍കോട്: കര്‍ണാടക വനാതിര്‍ത്തിയായ കൊന്നക്കാട് അത്തിയടുക്കത്തു നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ എട്ട് യുവാക്കളെക്കുറിച്ച്‌ വിവരം ലഭിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അത്തിയടുക്കം പട്ടികവര്‍ഗ കോളനിയിലെ എട്ട് യുവാക്കള്‍ കര്‍ണാടക വനത്തിലേക്ക് പോയത്.

സാധാരണ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള ഇവര്‍ രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരവ് പതിവാണെന്നും എന്നാല്‍ അഞ്ചു ദിവസം പിന്നിട്ടിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇതിനിടയില്‍ യുവാക്കളെ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പഞ്ചായത്ത് മെമ്ബര്‍ മോന്‍സി ജോയിയും മുന്‍ മെമ്ബറും പട്ടികവര്‍ഗ നേതാവുമായ കൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പുളിങ്ങോം ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇതേപറ്റി അവര്‍ക്ക് അറിവ് കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.കേരള കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഈ പ്രദേശത്തുള്ളവര്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇത്തരത്തില്‍ പോകുന്നത് സാധാരണമാണ്.

ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായിട്ടാണ് യുവാക്കള്‍ വനത്തിലേക്ക് പോയതെന്ന പറയുന്നു. ബുധനാഴ്ച കൂടി കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. വിശാലമായ കര്‍ണാടക വനത്തിലെ ഉള്‍ക്കാട്ടില്‍ പൊന്നന്‍ പൂവ് ശേഖരിക്കുന്നതിനായാണ് യുവാക്കള്‍ വനത്തിലേക്ക് പോയത്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരുടെ കൂട്ടത്തില്‍ പതിനാറു വയസുള്ള കുട്ടിയുമുണ്ട്. മാവോയിസ്റ്റു ഭീഷണി ഉള്ളതായി പറയുന്ന പ്രദേശമാണ് ഈ ഭാഗങ്ങള്‍. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം യുവാക്കള്‍ തിരിച്ചെത്താത്ത വിവരം ഫോണ്‍ മുഖാന്തിരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി കഴിഞ്ഞ് പോയവര്‍ മടങ്ങി എത്തിയിട്ടില്ലെങ്കില്‍ തുടര്‍ നടപടി ആലോചിക്കാമെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!