ഔഫ് വധം ; രണ്ടും, മൂന്നും പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി; കസ്റ്റഡി സമയം ഇന്ന് കഴിയും; ‘ഔഫ് റോഡിൽ വീഴുന്നത് കണ്ടപ്പോൾ ഞങ്ങൾ ഓടിമറഞ്ഞു’

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഹസ്സൻ, മൂന്നാം പ്രതി ഹാഷിർ എന്നിവരെ കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി മുഹമ്മദ് ഇർഷാദ് ഔഫിനെ പിടിച്ചുവലിച്ച ഇടവും മറ്റും ഇരുവരും കൃത്യമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തു.
ഔഫ് നിലത്തുവീണപ്പോൾതന്നെ ഞങ്ങൾ ഓടിമറഞ്ഞുവെന്ന് ഇരുവരും മൊഴി നൽകിയാതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിസമയം അവസാനിക്കുന്ന വ്യാഴാഴ്ച രാവിലെ 11-ന് രണ്ട് പ്രതികളെയും ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കും.

