തലകറങ്ങി വീണത് കത്തിയുടെ മുകളിൽ ; യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് ; വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ യുവാവ് കത്തി വയറ്റില്‍ കുത്തിക്കയറി മരിച്ചു. കാസര്‍കോട് എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന് കുട്ടിയുടെ മകന് ബിജു (38) ആണ് മരിച്ചത്. കത്തി കുത്തിക്കയറിയതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. രാത്രി ഭക്ഷണത്തിനുശേഷം ബിജു വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി. അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ഇതിനിടെ കൈയിലിരുന്ന കത്തി വയറ്റില്‍ തുളഞ്ഞുകയറുകയായിരുന്നുവെന്ന് കരുതുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
രക്തസമ്മര്‍ദം കുറഞ്ഞ് മുന്‍പും ഇത്തരത്തില്‍ ബോധരഹിതനായി വീണിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. നീതു ആണ് ഭാര്യ. മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.

