KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി എങ്ങനെ ജയില്‍ മോചിതനായെന്ന് കോടതി; ജയില്‍ സൂപ്രണ്ടിന് ശകാരം

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ ജാമ്യം എടുക്കാതെ എങ്ങനെ ജയിൽ മോചിതനായെന്ന് വിചാരണ കോടതി. സംഭവത്തിൽ അപൂർണമായ റിപ്പോർട്ട് നൽകിയ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിച്ചു.

കേസിൽ മാപ്പുസാക്ഷിയാക്കിയെങ്കിലും വിപിൻ ലാൽ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലിൽ തന്നെ പാർപ്പിക്കാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ നേരത്തെയുള്ള മറ്റൊരു കേസിൽ വിപിൻ ലാലിന് ജാമ്യം ലഭിച്ചപ്പോൾ 2018ൽ വിയ്യൂർ ജയിൽ അധികൃതർ ഇയാളെ മോചിപ്പിക്കുകയായിരുന്നു.

വിപിൻ ലാലിന്റെ പരാതിയിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെബി ഗണേഷ്കുമാർ എംഎൽഎയുടെ പി.എ പ്രദീപിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ രേഖകൾ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.

ഇതിൽ കോടതി നടത്തിയ പരിശോധനയിലാണ് വിപിൻ ലാലിന് ജാമ്യം നൽകിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ കോടതി വിളിച്ചുവരുത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് കോടതി ജയിൽ സൂപ്രണ്ടിനെ ശകാരിച്ചത്.

വിപിൻ ലാൽ വിഷയത്തിൽ 11ന് പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ കേസിൽ കോടതിക്ക് മുന്നിലുള്ള ഹർജികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്ന് പുതിയ പ്രോസിക്യൂട്ടർ അനിൽകുമാർ കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ വേഗത്തിലാക്കാൻ ശനിയാഴ്ചകളിലടക്കം പ്രവർത്തിക്കാമെന്ന് കോടതിയും അറിയിച്ചിട്ടുണ്ട്. ഈ മാസം 21 മുതൽ കേസിലെ വിചാരണ പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!