ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : ഖമറുദ്ദീന് 148 കേസുകളിൽ 52 ൽ ജാമ്യം ; മുഖ്യ പ്രതി ഇപ്പോഴും ഒളിവിൽ

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എം എൽ എയ്ക്ക് 25 കേസുകളിൽ കൂടി ഇന്നലെ ജാമ്യം അനുവദിച്ചു . ഇതോടെ 148 കേസുകളുള്ള ഖമറുദ്ദീന് 52 കേസുകളിൽ ജാമ്യം ലഭിച്ചു . അവശേഷിക്കുന്ന കേസുകളിൽ കൂടി ജാമ്യം കിട്ടിയാലേ എം എൽ എയ്ക്ക് പുറത്തിറങ്ങാൻ കഴിയു . കാസർകോട് സി ജെ എം കോടതി ഇന്നു 16 കേസുകളിൽ കൂടി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട് . ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി 14 കേസുകളിലും കാസർകോട് സി ജെ എം കോടതി 11 കേസുകളിലുമാണ് ജാമ്യം അനുവദിച്ചത് . അതേ സമയം ജ്വല്ലറി മാനേജിംഗ് ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ ചന്തേരയിലെ പി കെ പൂക്കോയ തങ്ങളെ ഇനിയും കണ്ടെത്താനായില്ല . ഖമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെ നാടകീയമായി കാണാതായി . മാസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചും ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക ടീമുംവിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഇയാൾ വിദേശത്തേയ്ക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട് . എന്നിട്ടും മുഖ്യ പ്രതിയെ കണ്ടെത്താനാകാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് നിക്ഷേപ തട്ടിപ്പിന് ഇരയായവർ പറയുന്നത് .

