KSDLIVENEWS

Real news for everyone

രാജ്യം കാത്തിരുന്ന ദിനം നാളെ; വാക്‌സിന്‍ കുത്തിവെപ്പിന് സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി ശൈലജ

SHARE THIS ON

തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് നാളെ തുടക്കമാകും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പ്രവർത്തകരുമായി മൂന്ന് കോടി പേർക്കാണ് രാജ്യത്ത് ആദ്യം വാക്സിൻ വിതരണം ചെയ്യുന്നത്. കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയിൽ വിതരണാംഗീകാരം നൽകിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ആദ്യ ദിനം ഓരോ കേന്ദ്രങ്ങളിലും 100 പേർക്ക് വീതം ആദ്യ ഡോസ് വാക്സിൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എൻ.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷൻ യാഥാർത്ഥ്യമാക്കുന്നത്.
സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.
വാക്സിനേഷൻ കേന്ദ്രം ഇപ്രകാരം

ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ച് വാക്സിനേഷൻ ഓഫീസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിംഗ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫീസറാണ് വാക്സിനേഷൻ എടുക്കുന്നത്.
നൽകുന്നത് 0.5 എം.എൽ. കോവീഷീൽഡ് വാക്സിൻ
ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിൻ തുടങ്ങുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ നൽകാൻ ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ സമയമെടുക്കും.
ഒബ്സർവേഷൻ നിർബന്ധം
വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.
10 ശതമാനം വേസ്റ്റേജ്
കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് വാക്സിനേഷനിൽ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടൻ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!