മുന്നിൽ വന്നുപെടുന്ന ഇരകളോട് ഒരു കാരുണ്യവും കാണിക്കില്ല , തെക്കു മുതൽ വടക്കുവരെ രാത്രിയാത്രക്കാരുടെ പേടി സ്വപ്നമായി മാറിയ വടിവാൾ വിനീതിന്റെ ജീവിതം

കൊച്ചി: വടിവാള്‍ വിനീത് എന്ന കൊടുംകുറ്റവാളി പിടിയിലായതിന്റെ ആശ്വാസത്തിലാണ് കേരള പൊലീസ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആശ്വാസം പൊലീസിനു മാത്രമല്ല, ഹൈവേകളില്‍ രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും വിനീതിന്റെ അറസ്‌റ്റ് അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസം പകരുകയാണ്. രാത്രി വൈകി സഞ്ചരിക്കുന്നവരെ വാഹനം തടഞ്ഞോ കൈ കാണിച്ചോ നിര്‍ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതാണ് പതിവ്. വടിവാള്‍ വീശി പ്രഭാതസവാരിക്കാരുടെ ആഭരണങ്ങളും പണവും തട്ടുകയും ചെയ്യും. ഇങ്ങനെയാണു പേരിനൊപ്പം ‘വടിവാള്‍’ കൂടി ചേര്‍ന്നത്.
പൊലീസിന്റെ പിടിയിലായാല്‍ കടുത്ത അവശത അഭിനയിക്കുകയാണ് വിനീതിന്റെ രീതി. നാട്ടുകാരില്‍ നിന്നു മറ്റും ദേഹോപദ്രവം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് ഈ തന്ത്രം.ഇന്നലെ പിടിയിലായപ്പോഴും ഇതു പുറത്തെടുത്തു. ബോധരഹിതനായതു പോലെ അഭിനയിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, മുന്നില്‍ വന്നു പെടുന്ന ഇരകളോട് ഒരു കാരുണ്യവും വിനീത് കാണിക്കാറില്ല. ക്രൂരമായി ഉപദ്രവിക്കും.സൈക്കിള്‍ മോഷ്ടിക്കുക, ആ സൈക്കിള്‍ പകരം വച്ചു ബൈക്ക് മോഷ്ടിക്കുക, യാത്രക്കാരനെ കത്തി കാട്ടി കൊള്ളയടിച്ചു കാറും സ്വര്‍ണവും മൊബൈല്‍ ഫോണും കൊള്ളയടിക്കുക. ഇതായിരുന്നു രീതി.
പൊലീസ് പിടിയിലായ കാമുകി ഷിന്‍സിയെ രക്ഷപ്പെടുത്താനായുള്ള പണത്തിനു വേണ്ടിയാണു വിനീത് കൊല്ലത്തു തമ്ബടിച്ചത്.
പാരിപ്പള്ളിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ജാമ്യത്തിനും വക്കീല്‍ ഫീസിനും മറ്റുമായി പണം കണ്ടെത്താനാണ് വിനീത് കൊല്ലത്തു തന്നെ നിലയുറപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

