ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിക്കും ടിഡിപിക്കും പങ്കെന്ന് പോലീസ്

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ അക്രമിക്കപ്പെട്ട ഒമ്പതോളം കേസുകളിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവർക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയെന്ന് സംസ്ഥാന പോലീസിന്റെ ആരോപണം. ആന്ധപ്രദേശ് ഡിജിപി ഗൗതം സാവൻ നേരിട്ടാണ് ആരോപണമുയർത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പങ്ക് ആരോപിച്ച ഡിജിപി സംഭവങ്ങളെ വിശേഷിപ്പിച്ചത്, സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയാണെന്നാണ്.
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിക്കൽ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഭങ്ങളിൽ അപകീർത്തിപ്പെടുത്തൽ വ്യാജപ്രചാരണങ്ങൾ നടത്തൽ തുടങ്ങി ഒമ്പതോളം കേസുകളിൽ 15 തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി) പ്രവർത്തകരും നാല് ബിജെപി പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
വിഗ്രഹ മോഷണം, വിഗ്രഹങ്ങൾ നശിപ്പിക്കൽ, ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ കുഴിയെടുക്കൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് 44 കേസുകൾ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 29 ഓളം കേസുകളിൽ അന്വേഷണം പൂർത്തിയായി, മറ്റുള്ളവയിൽ അന്വേഷണം പുരോഗമിക്കുയാണെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്തെ 13,296 ക്ഷേത്രങ്ങളിലായി 44,451 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് സർക്കാർ വ്യക്തമാക്കി. ഇതുവരെ അന്വേഷണം പൂർത്തിയായ ഒമ്പത് കേസുകളിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 21 പേർ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗൗതം സാവൻ അറിയിച്ചു. അക്രമണത്തിലൂടെ മതവിദ്വേഷം ഉണ്ടാക്കിയെടുക്കയാണ് ഇവരുടെ ലക്ഷ്യമെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിചേർത്തു.
ക്ഷേത്ര ആക്രമണ കേസുകളിൽ രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ പട്ടികയിൽ ടിഡിപിയുടെ ചല്ല മധുസൂദനൻ റെഡ്ഡിയും ഡോംപേട്ടിൽ നിന്നുള്ള ബിജെപി മണ്ഡൽ സെക്രട്ടറി കൊഞ്ചട രവികുമാറും ഉൾപ്പെടുന്നു.

