കള്ളനെ പേടിച്ചുവെച്ച അലാറം വെറുതെയായി : മലഞ്ചരക്കുകടയുടെ ഷട്ടർ മുറിച്ച് എട്ട് ക്വിൻറൽ കുരുമുളക് കടത്തി

പൊയിനാച്ചി: ഒരിക്കൽ എത്തിയ കള്ളനെ പേടിച്ച് ഒരുക്കിയ അലാറംസംവിധാനത്തെ നോക്കുകുത്തിയാക്കി ദേശീയപാതയോരത്തെ മലഞ്ചരക്ക് കടയുടെ ഷട്ടർ മുറിച്ച് എട്ട് ക്വിൻറൽ കുരുമുളക് കടത്തി. പൊയിനാച്ചി നോർത്തിലെ പൊയിനാച്ചി ട്രേഡേഴ്സിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോളിയടുക്കത്തെ എം.എം. നിസാർ, ചെർക്കളയിലെ മുഹമ്മദ് കുഞ്ഞി (ലത്തീഫ്) എന്നിവരുടെതാണ് സ്ഥാപനം.
രണ്ട് മുറികളിലായാണ് കട പ്രവർത്തിക്കുന്നത്. ഒരുമുറിയിൽ അടയ്ക്കയും മറ്റേതിൽ കുരുമുളകുമാണ് സൂക്ഷിച്ചിരുന്നത്. മുറിയുടെ ഷട്ടർ ഇലക്ട്രിക്ക് കട്ടിങ് യന്ത്രം ഉപയോഗിച്ച് ഒരാൾക്ക് നുഴഞ്ഞ് കയറാവുന്ന വിധത്തിൽ മുറിച്ചുമാറ്റി അകത്തുകടന്നാണ് 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് കവർന്നത്. 2.65 ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.
വലിയചാക്കുകളിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മുറിയുടെ തറയിൽ ചെരിഞ്ഞശേഷം വട്ടിയിലാക്കി പുറത്തെത്തിച്ച് ചെറിയ ചാക്കുകളിൽ നിറച്ചാണ് വാഹനത്തിൽ കടത്തിയതെന്ന് സംശയിക്കുന്നു. വരാന്തയിൽ ചെറിയ പ്ലാസ്റ്റിക് ചാക്കുകളും വട്ടിയും ചിതറിക്കിടപ്പുണ്ടായിരുന്നു.
ഓപ്പറേഷന് ഉപയോഗിച്ചത് പണിയായുധങ്ങൾ
ശനിയാഴ്ച രാവിലെ കെട്ടിട ഉടമ കെ. വിജയൻ സമീപത്തെ മോട്ടോർഷെഡിൽ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഫ്രിഡ്ജ് മെക്കാനിക്കായ വിജയന് ഇതേ കെട്ടിടത്തിൽ സർവീസ് കേന്ദ്രവുമുണ്ട്. ഇതിന്റെ വരാന്തയിൽവെച്ചിരുന്ന പഴയ അലക്കുയന്ത്രവും ഫ്രിഡ്ജും മലഞ്ചരക്ക് കടയുടെ മുൻപിൽ കണ്ട് എത്തിയപ്പോഴാണ് ഷട്ടർ മുറിച്ചുനീക്കിയതറിയുന്നത്.
കെട്ടിടത്തിന്റെ മുകൾനിലയുടെ നിർമാണത്തിന് കൊണ്ടുവന്ന കട്ടിങ് മെഷീനും പണിയായുധങ്ങളുമാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്.
പൊയിനാച്ചി ട്രേഡേഴ്സിൽ സമാനമായ കവർച്ച ഒന്നരവർഷം മുൻപും നടന്നിരുന്നു. 2019 ഓഗസ്റ്റ് 14-ന് 3.20 ലക്ഷം രൂപയുടെ15 ക്വിൻറൽ അടയ്ക്കയാണ് കവർന്നത്.
സി.സി.ടി.വി. മറച്ച് തുടക്കം
:വെള്ളിയാഴ്ച രാത്രി 11.45-നാണ് കവർച്ചയുടെ തുടക്കമെന്ന് മേൽപ്പറമ്പ് പോലീസ് സൂചന നൽകുന്നു. പുലർച്ചെ പോലീസ് പട്രോളിങ് ഉണ്ടായിരുന്നു.
മലഞ്ചരക്ക് കടയുടെ സമീപത്തെ ഒമേഗ ഫർണിച്ചർ ഷോറൂമിലെ സി.സി.ടി.വി.യിൽ കവർച്ചയ്ക്കെത്തിയതെന്ന് കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശരീരമാകെ മറച്ച് പാന്റ് ധാരിയായ ആൾ സി.സി.ടി.വി. ക്യാമറ വടികൊണ്ട് തട്ടിനീക്കുന്നതാണ് രംഗം. പോലീസ് ഡോഗ് സ്ക്വാഡിലെ ടൈസൻ കെട്ടിടത്തിന്റെ പരിസരങ്ങളിൽ കറങ്ങിയതല്ലാതെ മറ്റു സൂചനകൾ നൽകിയില്ല. വിരളടയാളവിദഗ്ധരും മേൽപ്പറമ്പ് ഇൻസ്പെക്ടർ സി.എൽ. ബെന്നിലാലു, എസ്.ഐ. എം.പി. പദ്മനാഭൻ എന്നിവരും പരിശോധന നടത്തി

