അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടേണ്ടിവരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ചെന്നിത്തല

ന്യൂഡൽഹി: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഉമ്മൻ ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാൽ താങ്കൾക്കൊപ്പം ഒരു ടേം ഉമ്മൻ ചാണ്ടിയും വേണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്-ഇവിടെ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കു വേണ്ടിയുള്ള ചർച്ചകളാണ് നടക്കുന്നത്. അന്തരീക്ഷത്തിൽ അനാവശ്യമായ ഒത്തിരി വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളും മറ്റും അടിച്ചിറക്കുന്നുണ്ട്. അത്തരം ഒരു ചർച്ചയുമില്ല. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരിക എന്നുള്ള ദൗത്യമാണുള്ളതെന്നും അതുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കുള്ള ചർച്ചകൾക്കു വേണ്ടിയാണ് തങ്ങൾ ഡൽഹിയിൽ എത്തിയത്. സാധാരണ ഗതിയിൽ ഇത്തരം ചർച്ചകൾ നടക്കാറുണ്ട്. കോവിഡ് ആയതിനാലാണ് നേരത്തെ നടക്കാതിരുന്നത്. അതുകൊണ്ടാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും താനും ഡൽഹിയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള എം.ഡി. ബിജു പ്രഭാകറിന്റെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് കെ.എസ്.ആർ.ടി.സി. മാത്രമല്ലല്ലോ ഈ സർക്കാർ തന്നെ കുത്തഴിഞ്ഞു കിടക്കുകയല്ലേ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇതുപോലെ അഴിമതി നടത്തിയ ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. എല്ലാ രംഗത്തും വൻതോതിലുള്ള അഴിമതിയാണ്. അത് കണ്ടുപിടിക്കുമ്പോഴാണ് അവർക്ക് തങ്ങളോട് വിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർ നടത്തുന്ന സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുന്നവെന്നും ഈ സമരത്തിന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോർപറേറ്റുകൾക്കു വേണ്ടി കൊണ്ടുവന്ന മൂന്നു നിയമങ്ങളും പിൻവലിച്ച് രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനുള്ള ബാധ്യത സർക്കാരിന് അവർക്കുണ്ടെന്ന് ഓർമിപ്പിക്കുന്നതായും ചെന്നിത്തല പറഞ്ഞു

