ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ് ; തെളിവെടുപ്പിനു കൊണ്ടുവന്ന മാതാവിനെതിരെ പ്രതിഷേധം

കാട്ടുകുക്കെ : ഒന്നര വയസ്സുകാരനായ മകന് കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അറസ്റ്റിലായ മാതാവിനെ ഇന്നലെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.കാട്ടുകുക്കെ പെർളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ ( 34 ) യെയാണ് ബദിയഡുക്ക എസ് ഐ വി കെ അനീഷും സംഘവും തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത് . കുട്ടിയെ എറിഞ്ഞുകൊന്ന കിണറും വീട്ടുപരിസരങ്ങളും പ്രതിയെയും കൊണ്ട് പൊലീസ് പരിശോധിച്ചു . ശാരദയുടെ ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നു പൊലീസ് തെളിവെടുത്തു.തെളിവെടുപ്പിനെത്തിച്ച ശാരദക്കു നേരെ ബന്ധുക്കൾ പ്രകോപിതരായിരുന്നു . കഴിഞ്ഞ ഡിസംബർ നാലിനാണ് ഒന്നരവയസുകാരനായ മകൻ സാത്വിക്കിനെ ശാരദ വീട്ടിനടുത്തുള്ള പൊതുകിണറ്റിലെറിഞ്ഞത് . ജനുവരി അഞ്ചിനാണ് സംഭവത്തിൽ ശാരദ അറസ്റ്റിലായത്.ഒരു ദിവസത്തേക്കാണ് കോടതി ഇന്നലെ ശാരദയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത് . തെളിവെടുപ്പിനു ശേഷം ഇന്നലെ തന്നെ ഇവരെ കോടതിയിൽ ഹാജരാക്കി .

