KSDLIVENEWS

Real news for everyone

ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതല്‍ വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

SHARE THIS ON

ന്യൂഡൽഹി: ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ ഇന്ത്യയിൽനിന്ന് കോവിഡ്-19 വാക്സിൻ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ആദ്യഘട്ടത്തിൽ ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കാണ് വാക്സിൻ കൈമാറുന്നത്.

ഇന്ത്യൻ നിർമിത വാക്സിനുകൾ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വാക്സിൻ കയറ്റുമതിക്കായി ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആഭ്യന്തര ആവശ്യം പരിഗണിച്ചുകൊണ്ട് ഘട്ടംഘട്ടമായി വിദേശ രാജ്യങ്ങൾക്കുള്ള വാക്സിൻ വിതരണം തുടരും. കയറ്റുമതി ചെയ്യുമ്പോൾ ആഭ്യന്തര ആവശ്യങ്ങൾക്ക് പര്യാപത്മായ വാക്സിൻ സ്റ്റോക്ക് ഉറപ്പുവരുത്തുമെന്നും വിദേശകാര്യമന്ത്രാലം വ്യക്തമാക്കി.

നിരവധി രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി നാളെമുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആഗോള സമൂഹത്തിന്റെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ദീർഘകാലമായി വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ഇന്ത്യ വളരെയധികം ആദരിക്കപ്പെട്ടിട്ടുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.
മാലദ്വീപിലേക്ക് ബുധനാഴ്ച ഒരുലക്ഷം കോവിഷീൽഡ് വാക്സിൻ ഡോസുകളും ഭൂട്ടാനിലേക്ക് ഒന്നരലക്ഷം ഡോസുകളും കയറ്റിയയക്കുമെന്നാണ് റിപ്പോർട്ട്.

ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾ രാജ്യത്തെ 3 കോടി ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!