മുല്ലപ്പള്ളിക്ക് പകരം കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരൻ; ഡല്‍ഹിയിലേക്ക് വിളിപ്പിക്കും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനേയും മാറ്റുമെന്ന് ഉറപ്പായി. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡന്റ് ആവുമെന്നാണ് റിപ്പോർട്ട്.
മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നൽകാൻ ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡൽഹിയിൽവെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്.
ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി. അധ്യക്ഷപദം പാർട്ടി ഏൽപിച്ചാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താൻ ഒരു ആർത്തിപ്പണ്ടാരമല്ലെന്നും സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു.
നിലവിൽ പി.സി.സി. വർക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാൻഡ് നിർദേശം ഉള്ളതിനാൽ തത്കാലം എ ഗ്രൂപ്പും ഇതിൽ പരസ്യമായി എതിർപ്പ് ഉന്നയിക്കാനിടയില്ല.
മുന്നണി കൺവീനർ എം.എം, ഹസ്സന്റെ ചില പ്രസ്താവനകൾ, പ്രത്യേകിച്ച് വെൽഫയർ പാർട്ടി അമീറുമായുള്ള കൂടിക്കാഴ്ച അടക്കം ദോഷം ചെയ്തെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. അതിനാൽ ഇതോടൊപ്പം ഹസ്സനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാൾ മാത്രമേ ആ പദവിയിൽ ഹസ്സൻ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒരുപക്ഷേ അദ്ദേഹത്തെ തുടരാൻ അനുവദിച്ചേക്കും. അല്ലെങ്കിൽ കൺവീനർ പദവിയിലും മാറ്റം വന്നേക്കാം

