KSDLIVENEWS

Real news for everyone

കള്ളൻ കണ്ടില്ല ; പക്ഷേ ആ നൊമ്പരക്കുറിപ്പ് മുഖ്യമന്ത്രി കണ്ടു ; കുഞ്ഞു ജെസ്റ്റിന് ഇനി ആശ തീരുവോളം സൈക്കിൾ ചവിട്ടാം

SHARE THIS ON

കോട്ടയം: കുഞ്ഞ് ജെസ്റ്റിന് പിറന്നാള്‍ സമ്മാനമായി വാങ്ങി നല്‍കിയ സൈക്കിള്‍ മോഷണം പോയതും അതുമായി ബന്ധപ്പെട്ട പിതാവിന്റെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നെഞ്ചുപിളര്‍ത്തുന്ന ആ കുറിപ്പ് കള്ളന്‍ കണ്ടില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി. സൈക്കിള്‍ ജെസ്റ്റിന് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും. നിരവധി പേര്‍ ഫോണില്‍ വിളിച്ച്‌ സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.

തന്റെ മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുന്‍പ് വാങ്ങി നല്‍കിയതായിരുന്നു ഈ സൈക്കിള്‍. അവന്‍ ഒന്ന് ഉരുട്ടി കൊതിതീരും മുന്‍പാണ് മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാള്‍ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കില്‍ മോഷ്ടിക്കാന്‍ ആരും മുതിരുമായിരുന്നില്ല. സുനീഷ് ജോസഫിന്റെ ജീവിത കഥ ഇങ്ങനെ

കോട്ടയം ജില്ലയിലെ പൈക – ചെങ്ങളം റോഡില്‍ ഇല്ലിക്കോണ്‍ ജംഗ്ഷനിലെ കൊച്ചുവീടാണ് സുനീഷിന്റേത്. കണിച്ചേരില്‍ എന്ന ഈ വീട്ടില്‍ 35കാരനായ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ എന്നിവരാണ് കഴിയുന്നത്. വൈകല്യത്തോടെയാണ് സുനീഷ് പിറന്നത്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയിലാണ്. കൈകള്‍ ശോഷിച്ചത്. വലതുകൈക്കാകട്ടെ തീരെ സ്വാധീനവുമില്ല. എല്ലാവരെയും പോലെ കസേരയില്‍ ഒന്ന് ഇരിക്കാന്‍ പോലും സുനീഷിന് കഴിയില്ല.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ എം അഞ്ജന നേരിട്ടെത്തി ജെസ്റ്റിന് സൈക്കിള്‍ നല്‍കിയപ്പോള്‍. എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍്റ് എസ്.ഷാജി സമീപം. 

വീടിനുള്ളില്‍ സഞ്ചരിക്കുന്നത് പോലും ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തിയാണ്. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന്‌ മാത്രം. എങ്കിലും തനിക്കും കുടുംബത്തിനുമായി തളരാതെ ജീവിതം കെട്ടിപ്പടുത്ത അത്ഭുതമാണ് സുനീഷിന്റെ ജീവിതം. പി പി റോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച്‌ വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് സുനീഷ്. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ.

– 

ഓഫീസില്‍ കമ്ബ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കമ്ബ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്. സുനീഷ് ഈ സങ്കടങ്ങളൊന്നും പറഞ്ഞില്ലെങ്കിലും തന്റെ മോന്റെ സൈക്കിള്‍ ഏതെങ്കിലും ആക്രിക്കടയില്‍ കണ്ടാല്‍ അറിയിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!