ബോവിക്കാനം-ഇരിയണ്ണി നവീകരണം അന്തിമ ഘട്ടത്തിലേക്ക് ;
വീതി കൂട്ടിയപ്പോൾ വൈദ്യുതത്തൂണുകളും മരങ്ങളും റോഡിൽ: നവീകരിച്ച റോഡിൽ അപകടഭീഷണി

ബോവിക്കാനം: നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ബോവിക്കാനം-ഇരിയണ്ണി റോഡിൽ വൈദ്യുതത്തൂണുകളും മരങ്ങളും മാറ്റുന്നതിനുള്ള നടപടി നീളുന്നത് ആശങ്കയുയർത്തുന്നു. റോഡ് നവീകരിച്ചതോടെ ഇതു വഴിയുള്ള വാഹനങ്ങൾക്കും വേഗം കൂടിയിട്ടുണ്ട്.
അരികിലുണ്ടായിരുന്ന വൈദ്യുതത്തൂണുകൾ മാറ്റാതെയും മരങ്ങൾ മുറിക്കാതെയുമാണ് പാത വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയത്. വൈദ്യുതത്തൂണുകൾ മാറ്റുന്നതിന് ആവശ്യമായ തുക ഇനിയും കിഫ്ബിയിൽനിന്ന് കെ.എസ്.ഇ.ബി.ക്ക് കൈമാറിയിട്ടില്ല. അവ മാറ്റുമ്പോൾ റോഡിൽ കുഴികൾ രൂപപ്പെടാനിടയുണ്ട്. ഇരുഭാഗങ്ങളിൽനിന്നും വാഹനങ്ങൾ കുതിച്ചുവരുമ്പോൾ കാൽനടയാത്രക്കാർക്ക് പാതയോരത്ത് ഒതുങ്ങിനിൽക്കാൻപോലും പലയിടങ്ങളിലും സൗകര്യമില്ല. ജല അതോറിറ്റിയുടെ മഞ്ചക്കല്ലിലുള്ള വാൾവ് ചേമ്പറിനു മുകളിൽ സംരക്ഷണത്തിനായി ഇട്ടിരുന്ന കോൺക്രീറ്റ് പാളിയും റോഡിൽ ഉയർന്നുകിടക്കുന്നു. ഒന്നരമീറ്റർ ചതുരാകൃതിയിലുള്ള കോൺക്രീറ്റ് പാളി ആറിഞ്ച് കനത്തിലുള്ളതാണ്. റോഡിലെ വളവിൽ തന്നെ കിടക്കുന്ന പാളിയിൽ തട്ടി ഇരുചക്രവാഹനങ്ങളും ചെറു വാഹനങ്ങളും അപകടത്തിൽപ്പെടാനിടയുണ്ട്.
പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയെങ്കിലും തുടർനടപടിയായിട്ടില്ല. റോഡിൽ അപകടഭീതി ഉയർത്തിനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നടപടിയില്ല. ബോവിക്കാനം-കാനത്തൂർ-കുറ്റിക്കോൽ പാതയിൽ 54.20 കോടി രൂപ ചെലവിലാണ് നവീകരണപ്രവൃത്തി നടക്കുന്നത്. അഞ്ചരമീറ്റർ വീതിയുണ്ടായിരുന്ന റോഡ് ഏഴുമീറ്ററാക്കി ഉയർത്തിയാണ് മെക്കാഡം ചെയ്യുന്നത്. 32 കൾവർട്ടുകളും പുതുതായി പണിതിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭാഗം കോൺക്രീറ്റ് ചെയ്യുന്നുമുണ്ട്. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ എന്നീ ടൗണുകളിൽ നടപ്പാതയൊരുക്കി ടൈൽ പാകി ഭംഗി കൂട്ടും. റോഡിൽ സ്റ്റെഡ്, അപകടമേഖലകളിലും വളവുകളിലും മുന്നറിയിപ്പ് സൂചനകൾ എന്നിവ ഒരുക്കും. ചെർക്കളയിൽനിന്ന് കുറ്റിക്കോൽ, ബന്തടുക്ക ഭാഗത്തേക്ക് എളുപ്പമാർഗമാണ് ഈ റോഡ്. 17 കിലോമീറ്റർ റോഡിൽ ഏഴുകിലോമീറ്റർ ദൂരം വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്.
കുറ്റിക്കോൽ-എരിഞ്ഞിപ്പുഴ പാലം വരെയുള്ള പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. 14 കോടി രൂപ ഇതിനകം കരാറുകാരന് കൈമാറിയിട്ടുണ്ട്. എരിഞ്ഞിപ്പുഴയിൽനിന്ന് -ഇരിയണ്ണി വരെയുള്ള സ്ഥലത്തെ പാർശ്വഭിത്തി നിർമാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്. മേയ് മാസത്തോടെ പണി തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ എം.പ്രേംകുമാർ പറഞ്ഞു.

