KSDLIVENEWS

Real news for everyone

ചെർക്കള-കല്ലഡുക്ക റോഡ്പണി ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കും-എൻ.എ.നെല്ലിക്കുന്ന്

SHARE THIS ON

കാസർഗോഡ് : വിവിധ കാരണങ്ങളാൽ നിർമാണം നിലച്ച കല്ലടുക്ക-ചെർക്കള റോഡിന്റെ പണി ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു

ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കല്ലടുക്ക-ചെർക്കള റോഡിന്റെ നിർമാണ പ്രവൃത്തി രണ്ടുവർഷത്തിലേറെയായിട്ടും പൂർത്തിയായിരുന്നില്ല. ഇതോടെ ദുരിതത്തിലായ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കരാറുകാരനു ഫണ്ട് നൽകാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളെത്തുടർന്ന് മുടങ്ങിയ പ്രവൃത്തി ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന്‌ കരാറുകാരൻ ഉറപ്പു നൽകിയതായും എം.എൽ.എ. അറിയിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കല്ലടുക്ക-ചെർക്കള റോഡിന്റെ പണി തുടങ്ങിയത്. 2018 ഒക്ടോബറിലാണ് ഗോവ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് റോഡിന്റെ നിർമാണ പ്രവൃത്തിയുടെ കരാർ നൽകിയത്. അതേ മാസം 25-നു പ്രവൃത്തി തുടങ്ങുകയും ചെയ്തു

പിറ്റേവർഷം ഒക്ടോബർ 24-നു പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു കരാർ കാലാവധി. എന്നാൽ 2021 ജനുവരിയായിട്ടും നിർമാണം പൂർത്തിയാക്കാനായില്ല.

19.194 കിലോമീറ്റർ റോഡിൽ കല്ലടുക്ക മുതൽ ചർളടുക്കം വരെ 11.65 കിലോമീറ്റർ ബി.എം. ചെയ്തിട്ടുണ്ട്. ചരളടുക്കം മുതൽ ചെർക്കളം വരെയുള്ള 7.544 കി.മീ റോഡിന്റെ പ്രവൃത്തി തുടങ്ങിയില്ല.

ആദ്യം ഏഴുമീറ്റർ വീതിയിൽ റോഡ് നിർമിക്കാനായി 20 കോടി രൂപയായിരുന്നു കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. പിന്നിട് 36 കോടി രൂപ ഫണ്ട് അനുവദിക്കുകയും വീതി ഒൻപത് മീറ്ററായി ഉയർത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ 6.32 കോടി രൂപയാണ് കരാറുകാരനു നൽകിയത്. പിന്നീട് ചെയ്ത പ്രവൃത്തിയിൽ അവശേഷിച്ച 13 കോടി രൂപ കിട്ടാത്തത് പ്രവൃത്തി തുടരുന്നതിന്‌ തടസ്സമായി.

ഇതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നത്. കരാറുകാരനു പണം ലഭിക്കാത്തതിനാലാണ് നിർമാണം നിർത്തിയതെന്ന വിവരം കിഫ്ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പണം അനുവദിക്കാൻ അധികൃതർ തയ്യാറായതെന്നും എൻ.എ.നെല്ലിക്കുന്ന് അറിയിച്ചു.

കാസർകോട് മണ്ഡലത്തിലെ കിഫ്ബിയുടെ എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും കാസർകോട് മെഡിക്കൽ കോളജിനായി 190 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചതായും എം.എൽ.എ. പറഞ്ഞു. അടുത്ത മാസം ചേരുന്ന കിഫ്ബിയുടെ ഉന്നതതല യോഗത്തിൽ ഇതിനുള്ള ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻ.എ.നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!