ജില്ലയിൽ 97,494 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി

കാഞ്ഞങ്ങാട്: ജില്ലയിൽ 97,494 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. 1250 ബൂത്തുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ 28 താത്‌കാലിക ബൂത്തുകളും 64 മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു. ആരോഗ്യപ്രവർത്തകരുൾപ്പെടെ 2594 വൊളന്റിയർമാരെയാണ് തുള്ളിമരുന്ന് വിതരണത്തിനായി നിയോഗിച്ചത്. അഞ്ചുവയസ്സിൽ താഴെയായി ജില്ലയിൽ 1,17,069 കുട്ടികളാണുള്ളതെന്നും ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകുമെന്നും ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. മുരളീധര നെല്ലൂരായ പറഞ്ഞു. കോവിഡ് കാലമായതിനാൽ ആരോഗ്യപ്രവർത്തകർ മുഖാവരണം ധരിച്ചും കുട്ടികളുമായെത്തിവരുടെ സാമൂഹിക അകലം ഉറപ്പുവരുത്തിയും അതി ജാഗ്രതയോടെയാണ് എല്ലാ കേന്ദ്രങ്ങളിലും തുള്ളിമരുന്ന് വിതരണം നടത്തിയത്. ജില്ലാ ആസ്പത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. മുരളീധര നല്ലൂരായ പോളിയോ സന്ദേശം നൽകി. നഗരസഭ കൗൺസിലർ എം.ബൽരാജ്, ജില്ലാ കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ.ടി.മനോജ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ്, ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹൻ, ഡോ. പി.വിനോദ് കുമാർ, ഡോ. വി.അഭിലാഷ്, ഐ.എം.എ. പ്രസിഡന്റ് ഡോ. എം.മണികണ്ഠൻ നമ്പ്യാർ, റോട്ടറി അസി. ഗവർണർ ബി.മുകുന്ദ് പ്രഭു, ഡോ. ടി.വി.പദ്മനാഭൻ, എം.ദാക്ഷായണി എന്നിവർ സംസാരിച്ചു.

