എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഓടുന്നത് മോദിയുടെ മിടുക്കുകൊണ്ട്- ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: കേന്ദ്ര ബജറ്റിനെ പരിഹസിച്ച കോൺഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. 2014 ൽ എൻജിൻ കരിഞ്ഞ നിലയിൽ കിട്ടിയ വണ്ടി ഇന്ന് റോഡിൽ ഓടുന്നതുതന്നെ മോദി എന്ന ഡ്രൈവറുടെ മിടുക്കുകൊണ്ടാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.
ബ്രേക്കില്ലെങ്കിലും ഹോൺ ശബ്ദത്തിലാക്കി എന്ന് പരിഹസിക്കുന്ന തരൂർ ഒരിക്കൽപ്പോലും എൻജിൻ തകരാറായതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഹോൺ അടിക്കാനാണ് തരൂർ എന്നും ശ്രമിച്ചിട്ടുള്ളത്. ഹോണും ബ്രേക്കും ശരിയാക്കാനല്ല മോദി ആദ്യം ശ്രമിച്ചത്. എൻജിൻ ശരിയാക്കാനാണ്. ഗുജറാത്തിന്റെ ഡ്രൈവറെ ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ ആരാധിക്കുമ്പോൾ തരൂർ കുശുമ്പ് കുത്തിയിട്ട് കാര്യമില്ല. കുശുമ്പിന് മരുന്ന് ഇല്ലാത്തതിനാൽ ഹോണടിച്ച് തരൂരിന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നതിൽ വാസ്തവത്തിൽ ഖേദമുണ്ട്.
സ്വതന്ത്ര ഭാരതം ഇത്രയധികം പ്രതിസന്ധി നേരിട്ട കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന മൃതസഞ്ജീവനിയാണ് കേന്ദ്ര ബജറ്റ്. കേരളത്തിന് കിട്ടിയ നേട്ടമെങ്കിലും തരൂർ ഓർക്കണമായിരുന്നുവെന്നും ബിജെപി വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

