എൻഡോസൾഫാൻ പട്ടികയിൽ അനർഹർ; കോടികൾ നഷ്ടമായെന്ന് കലക്ടറുടെ റിപ്പോർട്ട്

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കയറിപ്പറ്റിയിട്ടുണ്ടെന്നും അതു കണ്ടെത്താൻ പട്ടികയിലുൾപ്പെട്ടവരെ വിദഗ്ധ ഡോക്ടർമാരെ കൊണ്ട് വീണ്ടും പരിശോധിപ്പിക്കണമെന്നും കലക്ടറുടെ റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 24ന് സാമൂഹിക നീതി വകുപ്പിനാണ് കലക്ടർ റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതേസമയം എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയുള്ള സംഘടനകൾ ആരോപിക്കുന്നു. കലക്ടറായി ചുമതല ഏറ്റെടുത്ത ഉടൻ, എൻഡോസൾഫാൻ ഹാനികരമല്ലെന്നും പച്ചവെള്ളത്തിന് തുല്യമാണെന്നും പറഞ്ഞതിലൂടെ കലക്ടറുടെ മുൻധാരണ വ്യക്തമാണെന്നും സംഘടനകൾ ആരോപിക്കുന്നു.
സർക്കാരിനു വൻതുക നഷ്ടപ്പെടുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കുന്നതു വരെ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നത് നിർത്തിവയ്ക്കണമെന്നും 74 പേജുള്ള റിപ്പോർട്ടിൽ കലക്ടർ ശുപാർശ ചെയ്യുന്നു. ഇതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. പട്ടികയിൽ അനർഹർ ഉണ്ടെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടെ ചേംബറിൽ 2020 ഫെബ്രുവരി 3ന് ചേർന്ന യോഗം കലക്ടറെ ചുമതലപ്പെടുത്തിയത്.

