സമര വിജയം ആഘോഷമാക്കി നെല്ലിക്കട്ട ജനകീയ സമര സമിതി

ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരം ഫലം കണ്ടു.
നീണ്ട പതിമൂന്നു വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങളൊന്നും നടത്താതെ പൊട്ടിപ്പൊളിഞ്ഞ റോഡിന് നാലു വർഷം മുമ്പ് മെക്കാഡം ചെയ്യാൻ കരാർ അനുവദിക്കുകയും കരാറുകാരൻ രണ്ടുവർഷത്തോളമായി പണി പാതിവഴിയിൽ നിർത്തിവയ്ക്കുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിക്കുകയും കഴിഞ്ഞ ഇരുപത്തിമൂന്ന് ദിവസങ്ങളിലായി സമരപ്പന്തലൊരുക്കി വിവിധ രീതിയിൽ സമരം ചെയ്തുവരികയുമായിരുന്നു.
പി.ഡബ്ലു ഡി ആഫീസ് ധർണ്ണയും നെല്ലിക്കട്ട വഴി വന്ന സർക്കാർ വാഹനങ്ങൾ തടഞ്ഞും പന്തലിൽ സത്യാഗ്രഹമിരുന്നും നടത്തിയ സമരത്തിലൂടെ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി
രാഷ്ട്രീയ പാർട്ടികളുടെയോ മറ്റിതര സംഘടനകളുടെയോ ജാതിമത വേർതിരിവുകളോ ഇല്ലാതെ നാട്ടുകാരും മറ്റു പ്രദേശക്കാരും ഓട്ടോ ടാക്സി ബസ് ഉടമകളും തൊഴിലാളികളും പ്രവാസികളും സമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കമുള്ള ഒരു വലിയ സമൂഹത്തിന്റെ ഐക്യദാർട്യവും പിന്ത്യണയും സമരത്തിന് ആവേശവും ഊർജവും നൽകി.
പ്രമുഖ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും പ്രചരണമേറ്റെടുത്തതോടെ അധികാരികൾക്കും ഉദോഗസ്ഥർക്കും കരാറുകാരനും നിൽക്കകളളിയില്ലാതാവുകയും അവസാനം അവർ സമരത്തിനു മുന്നിൽ മുട്ടുമടക്കി ഇന്നു രാവിലെ ചർളടുക്കയിൽ നിന്നും പണി പുനരാരംഭിച്ചു.
റോഡുപരോധമടക്കമുള്ള സമരരീതിയിലേക്ക് ജനങ്ങൾ ഒരുക്കം കൂട്ടിയ വേളയിൽ ജോലി തുടങ്ങിയത് ജനകീയ സമരസമിതിയുടെ വിജയമായതിനാൽ അവർ അത് ആഘോഷപൂർവ്വം ആഹ്ലാദ പ്രകടനം നടത്തിയും മധുര പലഹാരവും ഭക്ഷണവും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പാട്ടുപാടിയും ഒരു ഉത്സവം പോലെ ആഘോഷിച്ചു.
പണി തുടങ്ങിയതിനാൽ സമരം താൽക്കാലികമായി നിർത്തി വച്ചതായും ഇടയ്ക്ക് ജോലി നിർത്തിവയ്ക്കുന്ന അവസ്ഥ വന്നാൽ കൂടുതൽ ശക്തിയോടെ സമരം പുനരാംരഭിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.

