കാപ്പിറ്റോളിന് സമാനമായ സംഭവങ്ങളാണ് ചെങ്കോട്ടയിലുമുണ്ടായത്; യുഎസ് പ്രതികരണത്തോട് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കർഷക സമരം സംബന്ധിച്ച അമേരിക്കയുടെ പ്രതികരണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഇന്ത്യ. അത്തരം അഭിപ്രായങ്ങളെ അതിന്റെ പൂർണതയുടെയും ഏത് സന്ദർഭത്തിലാണോ അതുണ്ടായത് എന്നതിന്റെയും അടിസ്ഥാനത്തിലാണ് എടുക്കേണ്ടത് എന്നുളളത് പ്രധാനമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ്ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയും അമേരിക്കയും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണ്. കാർഷിക പരിഷ്കരണത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ യുഎസ് അംഗീകരിച്ചിട്ടുണ്ടെന്നും അനുരാഗ്ശ്രീവാസ്തവ ചൂണ്ടിക്കാട്ടി
‘ജനുവരി 26-ന് ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങൾ ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന സംഭവങ്ങൾക്ക് സമാനമായ രീതിയിലാണ്. അതത് പ്രാദേശിക നിയമങ്ങൾക്കനുസൃതമായി അത് പരിഹരിക്കപ്പെടുന്നു’ മന്ത്രാലയം പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾ ഇല്ലാതിരിക്കാനാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്നും വിദേശകാര്യമന്ത്രാലയം ന്യായീകരിച്ചു.
‘സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുളള അഭിപ്രായഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.’ ഇതായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് ചില യുഎസ് എംപിമാരും രാഷ്ട്രീയ നേതാക്കളും ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രതികരണം
അതേ സമയം പ്രസ്താവനയിലെ കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് ഇന്ത്യയിലെ കാർഷിക മേഖലയിലെ പരിഷ്കരണ നടപടികളെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് പോപ്പ് താരം റിഹാന അടക്കമുള്ളവർ രംഗത്തെത്തിയതിനെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

