ഒടുവില്‍ സ്വര്‍ണവില പവന് 35,000 രൂപയായി; അഞ്ചുമാസത്തിനിടെ കുറഞ്ഞത് 7000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില.
ഇതോടെ സ്വർണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 10നാണ് 34,720 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു.
ഇതോടെ ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധിനേരിട്ടതാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടിയത്.
കോവിഡ് വാക്സിൻ വികസിപ്പിച്ചതും പ്രതിസന്ധിയിൽനിന്ന് സമ്പദ്ഘടനകൾ കുതിപ്പുതുടങ്ങിയതും സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിച്ചു. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വർണവിലയെ സ്വാധിനിച്ചു.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ നാലാം ദിവസവും വിലിയിൽ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്.

